ന്യൂഡൽഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കണ്ടു. എഫ്ഐആറിൽ എന്താണുള്ളതെന്ന് ആർക്കും അറിയില്ല. എന്തുകൊണ്ട് അവർ അത് വെളിപ്പെടുത്താതതെന്ന് പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതൽ ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നും ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്.
”ഈ ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ നമ്മളെല്ലാം ട്വീറ്റ് ചെയ്യുന്നു, അവരെയോർത്ത് അഭിമാനം കൊള്ളുന്നു. എന്നാൽ, ഇന്ന് അവർ റോഡിൽ കുത്തിയിരിക്കുന്നു, പക്ഷേ നീതി കിട്ടുന്നില്ല. ഈ വനിതാ ഗുസ്തിക്കാരെല്ലാം ഈ നിലയിലെത്താൻ ഒരുപാട് കഷ്ടപ്പെടുന്നു. എന്തുകൊണ്ടാണ് സർക്കാർ അദ്ദേഹത്തെ (ബ്രിജ് ഭൂഷൺ ശരൺ സിംഗ്) രക്ഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല?,” പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് ഞാൻ കരുതുന്നില്ല, കാരണം അവരെ (ഗുസ്തിക്കാർ) കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ അവരോട് സംസാരിക്കാത്തത്. രാജ്യം മുഴുവൻ അവർക്കൊപ്പം നിൽക്കുന്നു. ഇത്തരം കാര്യങ്ങൾക്കായി അവർ നിലനിൽക്കുന്നതിലും ശബ്ദം ഉയർത്തുന്നതിലും ഞാൻ വളരെ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്. കേസ് എടുക്കാനാവില്ലെന്നും അതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്നുമായിരുന്നു ഡൽഹി പൊലീസിന്റെ ആദ്യ നിലപാട്. തുടർന്നാണ് 7 വനിതാ ഗുസ്തി താരങ്ങൾ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോഴാണ് കേസ് രജിസ്റ്റ്ർ ചെയ്യാമെന്നു ഡൽഹി പൊലീസ് കോടതിയെ അറിയിച്ചത്.
അതേസമയം, ലൈംഗികാരോപണത്തിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെതിരെ കേസെടുത്തെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങൾ. ഇത് തങ്ങളുടെ വിജയത്തിന്റെ ആദ്യ പടിയാണെന്നും സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക് പറഞ്ഞു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടിയല്ല ഈ പോരാട്ടം. ഈ പോരാട്ടം നീതി ലഭിക്കുന്നതിനും, സിങ്ങിനെ ശിക്ഷിക്കുന്നതിനും, ജയിലിൽ അടക്കുന്നതിനും, അയാൾ ഇപ്പോൾ വഹിക്കുന്ന പദവികളിൽനിന്നെല്ലാം നീക്കുന്നതിനും വേണ്ടിയാണെന്ന് ലോക ചാമ്പ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.