ന്യൂഡൽഹി: കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റു. അനധികൃത സ്വത്ത് സമ്പാദനക്കസിൽ ഭർത്താവ് റോബർട്ട് വാദ്രയെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ കൊണ്ടുവിട്ടശേഷമാണ് പ്രിയങ്ക ചുമതല ഏറ്റെടുക്കാനെത്തിയത്. ന്യൂഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുറിക്ക് തൊട്ടരികിലാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ്.
ഫെബ്രുവരി 11 മുതൽ പ്രിയങ്കയുടെ യുപി പര്യടനം തുടങ്ങുമെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. റോഡ് ഷോയിലും പൊതുപരിപാടികളിലും പ്രിയങ്ക പങ്കെടുക്കും. പ്രിയങ്കയെ യുപിയിൽ പ്രധാനപ്പെട്ട ഒരു സീറ്റിൽ മത്സരിപ്പിക്കുന്ന കാര്യവും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്.
#WATCH: Congress General Secretary for eastern Uttar Pradesh Priyanka Gandhi Vadra arrives at Congress Headquarters in Delhi. Earlier today she had accompanied her husband Robert Vadra to Enforcement Directorate Office & left soon after. pic.twitter.com/2RDbaHG5JV
— ANI (@ANI) February 6, 2019
കിഴക്കൻ യുപിയിൽ 40 ഓളം ലോക്സഭ സീറ്റുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലോക്സഭയിലേക്ക് എത്തിച്ച ഗോരഖ്പൂർ മണ്ഡലം എന്നിവയൊക്കെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ്. പ്രിയങ്കയെ മുന്നിൽ നിർത്തി ഇവിടങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്നൗവും കിഴക്കൻ യുപിയിലാണ്.