റായ്ബറേലി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണ് താനെന്ന മോദിയുടെ പരാമര്‍ശത്തെ പ്രിയങ്ക ഗാന്ധി പരിഹസിച്ചു. മോദിയെ ഉത്തര്‍പ്രദേശ് ദത്തെടുത്തെന്നാണ് അവകാശവാദം. ഉത്തര്‍പ്രദേശിന്റെ വികസനത്തിന് അങ്ങനെ പുറത്തു നിന്ന് ഒരാളെ ദത്ത് എടുക്കേണ്ട ദാരിദ്രമൊന്നും യുപിക്ക് ഇല്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.
ഉത്തര്‍പ്രദേശിന് മുന്നോട്ട് കൊണ്ടുപോകാന്‍ ഇവിടത്തെ യുവാക്കള്‍ക്ക് കഴിയില്ലെ. യുപിയുടെ ഓരോ യുവാക്കള്‍ക്കും രാഷ്ട്രീയക്കാരനാകാനുള്ള യോഗ്യതയുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളവരാണ് അവരെന്നും പ്രിയങ്ക പറഞ്ഞു.
നിറഞ്ഞ കരഘോഷത്തോടെയാണ് പ്രിയങ്കയുടെ വാക്കുകളെ ജനങ്ങള്‍ സ്വീകരിച്ചത്. സഹോദനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി രാഹുല്‍ ഗാന്ധിക്കൊപ്പം റായ്ബറേലിയിലെ പരസ്യ പ്രചരണത്തിലാണ് പ്രിയങ്ക സംസാരിച്ചത്. 2017 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണത്തിന് ഇത് ആദ്യമായാണ് പ്രിയങ്ക എത്തുന്നത്. അമേഥിയിലേയും റായ് ബറേലിയിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രിയങ്ക പ്രചരണത്തിനിറങ്ങും. സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്ത്ഥികള്ക്കായ് പ്രിയങ്ക രംഗത്ത് ഇറങ്ങുമോയെന്ന് വ്യക്തമല്ല.
ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് മൂന്നാം ഘട്ട ജനവിധി. മൂന്നാംഘട്ടത്തിൽ പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 2012 ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ 55 ലും സമാജ്വാദി പാര്‍ട്ടിക്കായിരുന്നു വിജയം. അതിനാല്‍ത്തന്നെ മൂന്നാംഘട്ട വോട്ടെടുപ്പ് അഖിലേഷ് യാദവിന് നിർണായകമാണ്.