/indian-express-malayalam/media/media_files/uploads/2019/05/priyanka-Rahul-Priyanka-Gandhi_d-003.jpg)
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ രാജി സന്നദ്ധത അദ്ദേഹം പിന്‍വലിച്ചിരുന്നു. ശനിയാഴ്ച രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാജി തീരുമാനം ഐക്യകണ്‌ഠേന തളളുകയായിരുന്നു. 2014ല്‍ നിന്നും 2019ലേക്ക് എത്തിയപ്പോള്‍ അന്ന് നേടിയ 44 സീറ്റിനോട് വെറും 8 സീറ്റ് കൂട്ടിച്ചേര്‍ക്കാനേ കോണ്‍ഗ്രസിന് സാധിച്ചുളളൂ. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ ഈ ദയനീയ സ്ഥിതി. ഇതോടെ രാഹുല്‍ ഗാന്ധി രാജി വയ്ക്കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രാജിയാണ് പ്രധാന ചര്‍ച്ചാ വിഷയമായത്. തനിക്ക് മാറി നിന്നേ പറ്റൂ എന്നാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് എടുത്തത്. മന്‍മോഹന്‍ സിങ് അടക്കമുളള 52 അംഗ സമിതി രാജിയാവശ്യം നിരാകരിച്ചു.
മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, അഹമ്മദ് പട്ടേല്‍, പി.ചിദംബരം എന്നിവര്‍ രാഹുലിനോട് തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ട് സംസാരിച്ചു. അതേസമയം രാജി വച്ചാല്‍ രാഹുല്‍ ബിജെപിയുടെ കെണിയില്‍ വീഴും എന്നാണ് പ്രിയങ്ക ഗാന്ധി യോഗത്തില്‍ പറഞ്ഞത്. കൂടാതെ യോഗത്തില്‍ ഉടനീളം പ്രിയങ്ക അതീവ രോഷത്തോടെയാണ് പ്രതികരിച്ചതെന്നും പിടിഐ ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read More: രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി കോൺഗ്രസ്
നരേന്ദ്ര മോദിക്കെതിരെ പോരാടാന്‍ എല്ലാ മുതിര്‍ന്ന നേതാക്കളും രാഹുലിനെ ഒറ്റയ്ക്ക് വിടുകയായിരുന്നു ചെയ്തതെന്ന് പ്രിയങ്ക യോഗത്തിനിടെ പറഞ്ഞു. മറ്റ് നേതാക്കള്‍ രാഹുലിനോട് നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രിയങ്ക നേതാക്കള്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. 'എന്റെ സഹോദരന്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ നിങ്ങളെല്ലാം എവിടെയായിരുന്നു?' എന്ന് പ്രിയങ്ക യോഗത്തില്‍ ചോദിച്ചതായാണ് വിവരം.
കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് വേണ്ട പിന്തുണ നല്‍കിയില്ലെന്നും ഒരു ഘട്ടത്തില്‍ പ്രിയങ്ക തുറന്നടിച്ചു. 'റഫാല്‍ വിഷയത്തിലും ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവും ഏറ്റെടുത്ത് ഒരാളും കോണ്‍ഗ്രസ് അധ്യക്ഷന് പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണക്കാരായ ഓരോരുത്തരും ഈ മുറിയിലുണ്ട്' എന്ന് യോഗത്തില്‍ പ്രിയങ്ക കുറ്റപ്പെടുത്തി. ഈ സമയമത്രയും രാഹുല്‍ നിശബ്ദനായി കേള്‍ക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ രാജി വയ്ക്കരുതെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
നമ്മള്‍ പോരാട്ടം തുടരും എന്നാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അച്ചടക്കമുളള പോരാളിയായി തുടരുമെന്നും അതിന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്നില്ല എന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ ഏത് രീതിയില്‍ വേണമെങ്കിലും അടിമുടി മാറ്റി മുന്നോട്ട് പോവാന്‍ രാഹുലിന് സ്വാതന്ത്ര്യമുണ്ടെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. താന്‍ രാഷ്ട്രീയം വിടാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നും പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. നിങ്ങളില്ലെങ്കില്‍ പിന്നെ ആര് പ്രസിഡന്റ് ആകും എന്ന് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ രാഹുലിനോട് ചോദിച്ചു.
യോഗത്തിനിടെ എന്തിനാണ് ഗാന്ധി കുടുംബത്തിലുളളവര്‍ മാത്രം അധ്യക്ഷനാവേണ്ടത് എന്ന് രാഹുല്‍ ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. മറ്റ് ആര്‍ക്ക് വേണമെങ്കിലും പാര്‍ട്ടി അധ്യക്ഷനാവാമെന്നും അദ്ദേഹം വ്യക്താക്കി. രാഹുല്‍ മിണ്ടാതിരിക്കുകയും രാജി വയ്ക്കുകയും ചെയ്യേണ്ടത് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ആവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ രാജി വയ്ക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് പി.ചിദംബരം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും അതേസമയം പ്രസിഡന്റായി തുടരാന്‍ താല്‍പര്യമില്ല എന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. അതേസമയം, രാജി വയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് രാഹുല്‍ ആണെന്നാണ് മാധ്യമങ്ങളോട് സോണിയയുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.