scorecardresearch
Latest News

ഇത് അസംബന്ധം, രാഹുൽ ഇന്ത്യക്കാരനാണെന്ന് ലോകം മുഴുവനും അറിയാം: പ്രിയങ്ക ഗാന്ധി

രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു

priyanka gandhi, rahul gandhi, ie malayalam

അമേഠി: രാഹുൽ ഗാന്ധി ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്ന് ലോകത്തിന് മുഴുവൻ അറിയാമെന്ന് പ്രിയങ്ക ഗാന്ധി. പൗരത്വ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ”രാഹുൽ ഗാന്ധി ഇന്ത്യക്കാരനാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. ഇന്ത്യയിൽ രാഹുൽ ജനിച്ചതും അവന്റെ വളർച്ചയും ഇന്ത്യയിലെ ജനങ്ങൾ കണ്ടതാണ്. ഇത് എന്തൊരു അസംബന്ധമാണ്,” പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഒരു പാർലമെന്റ് അംഗം ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയാൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് സാധാരണ നടപടി മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചത്. നോട്ടീസിന് 15ദിവസത്തിനകം രാഹുൽ മറുപടി നൽകണമെന്നാണ് നിർദേശം.

ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയിലെ ഡയറക്ടർമാരിലൊരാളാണ് രാഹുൽ ഗാന്ധിയെന്നാണ് സ്വാമി നൽകിയ പരാതിയിൽ പറയുന്നത്. 2005-2006 ആനുവൽ റിട്ടേൺസിൽ ബ്രിട്ടീഷ് പൗരനാണ് താനെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. സ്വാമിയുടെ പരാതിയെ കടുത്ത ഭാഷയിൽ കോൺഗ്രസ് വിമർശിച്ചിരുന്നു.

”രാഹുൽ ഗാന്ധി ജനിച്ചത് ഇന്ത്യയിലാണെന്നും ഇന്ത്യൻ പൗരനാണെന്നും ലോകം മുഴുവനും അറിയാം. തൊഴിലില്ലായ്മയ്ക്കും കർഷകരുടെ ദുരിതത്തിനും കളളപ്പണത്തിനും നരേന്ദ്ര മോദിക്ക് ഉത്തരമില്ലാത്തതിനാണ് മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്,” കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വിഷയം അമേഠിയിൽനിന്നുളള സ്വതന്ത്ര സ്ഥാനാർഥി ധ്രുവ് ലാലും ഈ മാസമാദ്യം ഉന്നയിച്ചിരുന്നു. രാഹുലിന്റെ നാമനിർദേശ പത്രികയിൽ പൗരത്വവും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച് വൈരുധ്യങ്ങളുണ്ടെന്നും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാഹുലിന്റെ നാമനിർദേശ പത്രികയിൽ പിഴവുകൾ ഇല്ലെന്നും അംഗീകരിച്ചതായും അമേഠിയിലെ വരണാധികാരി (RO) മനോഹർ മിശ്ര അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും ഉത്തർപ്രദേശിലെ അമേഠിയിൽനിന്നുമാണ് രാഹുൽ ഗാന്ധി ജനവിധി തേടുന്നത്. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന് കഴിഞ്ഞിരുന്നു. അമേഠിയിൽ മേയ് ആറിനാണ് വോട്ടെടുപ്പ്. അമേഠിയിൽ സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ടിനാണ് രാഹുൽ തന്റെ എതിരാളിയായ സ്മൃതിയെ തോൽപ്പിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Priyanka gandhi says whole of india knows that rahul gandhi is an indian