ലക്‌നൗ: ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. ഇന്നലെ റായിബറേലിയിലുണ്ടായ അപകടത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മായിമാരും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
”പീഡന ഇര അപകടത്തില്‍പ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണോ? സിബിഐ അന്വേഷണം എന്തായി? എന്തുകൊണ്ടാണ് ആരോപിതനായ എംഎല്‍എ ഇപ്പോഴും ബിജെപിയില്‍ തുടരുന്നത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതെ എങ്ങനെയാണ് ബിജെപി സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കാനാകുന്നത്?” എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
”ഒരു യുവതിയെ ബിജെപി എംഎല്‍എയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ടിരിക്കുന്നു. അവളുടെ പിതാവിനെ മര്‍ദ്ദിച്ചു, അദ്ദേഹം പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു സാക്ഷിയും ദുരൂഹമായി മരിച്ചു. ഇപ്പോള്‍ അവളുടെ ബന്ധുവും സാക്ഷിയുമായ സ്ത്രീയും കൊല്ലപ്പെട്ടു, അഭിഭാഷകന് പരുക്കേറ്റു. അതും നമ്പര്‍ പ്ലേറ്റ് മറിച്ചു വച്ച ട്രക്ക് ഇടിച്ച്” പ്രിയങ്ക ട്വീറ്റ് ചെയ്തു. ഭീതിയില്ലാത്ത ഉത്തര്‍പ്രദേശ് ക്യാമ്പയിന്‍ നടത്താന്‍ ബിജെപി സര്‍ക്കാരിന് എന്ത് ധാര്‍മ്മികതയാണുള്ളതെന്നും പ്രിയങ്ക ചോദിച്ചു.
Read More: ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചു; അമ്മയും ബന്ധുവും മരിച്ചു
പരാതിക്കാരിക്കും സാക്ഷികള്‍ക്കും മതിയായ സുരക്ഷ നല്‍കാത്തതില്‍ യോഗി ആദിത്യനാഥിനെതിരേയും പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചു. അതേസമയം, സുരക്ഷ പിഴവ് സംഭവിച്ചിട്ടില്ലെന്നും വാഹനത്തില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് തന്നോടൊപ്പം വരേണ്ടതില്ലെന്ന് പരാതിക്കാരി തന്നെ അറിയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
റായിബറേലിയില്‍ വച്ച് ട്രക്ക് കാറില്‍ വന്നിടിക്കുകയായിരുന്നു. അപകട സമയം യുവതിയുടെ അമ്മയും അഭിഭാഷകനായ മഹേന്ദ്ര സിങ്ങും ബന്ധുവും ഒപ്പമുണ്ടായിരുന്നു. അമ്മയും ബന്ധുവും തല്‍ക്ഷണം തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിന് പിന്നില്‍ ആരോപണവിധേയനായ എംഎല്‍എയെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആരോപിക്കുന്നു. എന്നാല്‍, അപകടത്തില്‍ അസ്വാഭാവികതയില്ലെന്ന് യുപി ഡിജിപി പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരെയായിരുന്നു യുവതി പീഡന ആരോപണം ഉന്നയിച്ചത്. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംല്‍എയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായിരുന്നു.
കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. എംഎല്‍എയുടെ ആളുകളുടെ മര്‍ദ്ദനത്തിനും പിതാ് ഇരയായിരുന്നു. കുല്‍ദീപ് സെന്‍ഗറും സഹോദരന്‍ അതുല്‍ സിങ്ങും കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലാണ്.