ബരാബങ്കി: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രിയത്തിലേക്കുള്ള പ്രവേശനം ഇന്ത്യയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ പ്രിയങ്കയ്ക്കെതിരെയുള്ള ആക്രമണം ശക്തമാക്കുകയാണ് ബിജെപി നേതൃത്വം. ഉത്തര്‍പ്രദേശില്‍ പ്രിയങ്കയെ മഹിഷാസുരനായി ചിത്രീകരിക്കുന്ന ബിജെപിയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലാണ് പോസ്റ്റര്‍ സ്ഥാപിച്ചത്. ബിജെപിയുടെ നേതാവായ മറ്റൊരു പ്രിയങ്കയുടെ പേരിലാണ് പോസ്റ്റര്‍ വച്ചത്. പോസ്റ്ററില്‍ പ്രിയങ്ക ഗാന്ധിയെ മഹിഷാസുരനാക്കിയും മഹിഷാസുരനെ വധിച്ച ദുര്‍ഗാ ദേവിയായി ബിജെപി നേതാവായ പ്രിയങ്കയേയും അവതരിപ്പിക്കുന്നു. അതേസമയം, തനിക്ക് പോസ്റ്ററിനെ കുറിച്ച് ഒന്നും അറിയില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാത്രമാണ് താന്‍ ഇതേ കുറിച്ച് അറിഞ്ഞതെന്നുമായിരുന്നു ബിജെപി നേതാവായ പ്രിയങ്കയുടെ പ്രതികരണം.

കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയെ ആധുനിക ഝാന്‍സി റാണിയായി അവതരിപ്പിക്കുന്ന പോസ്റ്റര്‍ കോണ്‍ഗ്രസും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയെ മഹിഷാസുരനാക്കി ബിജെപിയും രംഗത്തെത്തിയത്. നേരത്തെ പട്‌നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ ദുര്‍ഗാ ദേവിയായും അവതരിപ്പിച്ചിരുന്നു. പ്രിയങ്കയ്ക്കെതിരായ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് നേതാക്കളും മഹിളാ കോണ്‍ഗ്രസും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിന് പിന്നാലെയാണ് പ്രിയങ്ക തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഈസ്റ്റേണ്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിക്കുകയായിരുന്നു. ഈ മേഖലയില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുക പ്രിയങ്കയാവും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ