ലക്‌നൗ: ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീ കൊളുത്തി കൊന്ന ഉന്നാവിലെ പെൺകുട്ടിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര സന്ദർശിച്ചു. ഉന്നാവയിൽ സമാനമായൊരു സംഭവമുണ്ടായിട്ടും 23 കാരിയായ പെൺകുട്ടിക്ക് എന്തുകൊണ്ട് ഒരു സുരക്ഷയും നൽകിയില്ലെന്ന് പ്രിയങ്ക ചോദിച്ചു. ഉന്നാവയിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗറിനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നതിനെക്കുറിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം.

Read Also: ഉന്നാവ് കേസ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

”പെൺകുട്ടിയുടെ കുടുംബം മുഴുവൻ കഴിഞ്ഞ വർഷം മുതൽ നിരന്തരമായി ഉപദ്രവിക്കപ്പെടുന്നു. കുറ്റവാളികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഞാൻ കേട്ടു. അതിനാലാണ് അവരെ സംരക്ഷിക്കുന്നത്. സംസ്ഥാനത്ത് കുറ്റവാളികൾക്ക് യാതൊരു ഭയവുമില്ല. സംസ്ഥാനത്ത് കുറ്റവാളികൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു, എന്നാൽ അദ്ദേഹം സംസ്ഥാനത്തെ മാറ്റിയത് എങ്ങനെയാണ്, ഇവിടെ സ്ത്രീകൾക്ക് ഒരു സ്ഥാനമില്ലെന്ന് ഞാൻ കരുതുന്നു” കുടുംബത്തെ സന്ദർശിച്ചശേഷം പ്രിയങ്ക മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പെൺകുട്ടിയുടെ മരണത്തിനുപിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയെടുത്തു. ദിനം തോറും സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് പ്രിയങ്ക ട്വീറ്റിലൂടെ ചോദിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് ധൈര്യം കിട്ടാൻ താൻ പ്രാർഥിക്കുന്നുവെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

വിവാഹ വാഗ്‌ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ 23 കാരിയായ പെൺകുട്ടിയെയാണ് അഞ്ചുപേർ ചേർന്നു തീകൊളുത്തിയത്. ഇതിൽ രണ്ടുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകവെ വ്യാഴാഴ്ചയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ അന്നു വൈകീട്ട് എയർ ആംബുലൻസിൽ ലക്‌നൗവിലെ ആശുപത്രിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റി. എന്നാൽ ഹൃദയ സ്തംഭനത്തെ തുടർന്ന് ഇന്നലെ രാത്രി 11.40 ഓടെ പെൺകുട്ടി മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook