/indian-express-malayalam/media/media_files/uploads/2017/01/Sonia-and-priyanka-at-Raibareli.jpg)
ന്യൂഡൽഹി:ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കേ കോൺഗ്രസ്സിന്റെ ഭാവി നേതൃത്വം സംബന്ധിച്ച ചർച്ചകളും സജീവമാകുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം ബി.ജെ.പി യ്ക്ക് വെല്ലുവിളി ഉയർത്താത്ത സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി അമരത്തേക്ക് വരുന്നുവെന്ന സൂചനകളാണ് ഉയരുന്നത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിക്കാറുള്ള റായ്ബറേലിയിൽ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ സീറ്റ് ചർച്ചകളിൽ സമാജ് വാദി പാർടി നേതാവ് അഖിലേഷ് യാദവുമായി ചർച്ച നടത്തിയത് പ്രിയങ്കയാണ്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രിയങ്കയും ഗുലാം നബി ആസാദും ചർച്ചകളിൽ ഇടപെട്ടതെന്ന് എ.ഐ.സി.സി വക്താവ് അജോയ് കുമാർ വ്യക്തമാക്കിയിരുന്നു. പ്രിയങ്കയുടെ കടന്നുവരവ് കോൺഗ്രസ്സിന് കൂടുതൽ കരുത്തേകുമെന്ന ഒരു വിഭാഗം നേതാക്കളുടെ പ്രത്യാശ ഇതോടെ സജീവമായി. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ പ്രകടനമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമാവുക.
ഇന്ദിരാഗാന്ധി മത്സരിച്ച മണ്ഡലമാണ് റായ്ബറേലി. അമേഠിയിൽ മത്സരിച്ചിരുന്ന സോണിയ ഗാന്ധി ഈ സീറ്റ് രാഹുൽ ഗാന്ധിക്ക് വിട്ടുനൽകി റായ്ബറേലിയിലേക്ക് വരികയായിരുന്നു. ഇതുവരെ തിരഞ്ഞെടുപ്പ് ഗോദയിൽ മത്സരിച്ചിട്ടില്ലാത്ത പ്രിയങ്കയുടെ തുടക്കം റായ്ബറേലിയിൽ നിന്ന് തന്നെ തുടങ്ങാനുള്ള ആലോചനയിലാണ് സോണിയ. പതിയെ പ്രിയങ്ക ഗാന്ധിയെ ചുമതലയേൽപ്പിച്ച് പാർടിയുടെ മുൻനിരയിൽ നിന്ന് മാറി നിൽക്കാനാണ് അവരുടെ ആലോചന. വളരെ കാലമായി പാർടി പരിപാടികളിൽ വലിയ തോതിൽ പങ്കെടുക്കാത്ത സോണിയ ഗാന്ധി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടയില്ലെന്ന് പാർടി വൃത്തങ്ങൾ പറയുന്നു. രാഹുൽ ഗാന്ധിയാണ് പാർടി പരിപാടികളിൽ ഇപ്പോൾ അദ്ധ്യക്ഷനാവുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പാർടിയുടെ അദ്ധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധിയും ഉന്നത നേതൃ സ്ഥാനത്ത് പ്രിയങ്കയും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതപ്പെടുന്നത്. തുടർ തോൽവികളിൽ നട്ടം തിരിയുന്ന കോൺഗ്രസ്സ് വീണ്ടും കനത്ത പരാജയം ഏറ്റുവാങ്ങിയാൽ രാഹുൽ ഗാന്ധിയെ മാറ്റണമെന്ന ആവശ്യം ശക്തമാകും. അങ്ങിനെയാണെങ്കിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയുടെ കടന്നുവരവിനെയും ഇവർ തള്ളിക്കളയുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.