ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളും. ഡൽഹി ഇന്ത്യ ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും കുത്തിയിരുന്നു പ്രതിഷേധിച്ചു. എ.കെ. ആന്‍റണി, കെ.സി. വേണുഗോപാൽ, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, അംബികാ സോണി എന്നീ നേതാക്കളും പ്രിയങ്കയ്‌ക്കൊപ്പമെത്തി.

‘രാജ്യത്തിന്റെ അന്തരീക്ഷം വളരെ മോശമാണ്. വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നതിന് പോലീസ് സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നു. സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി നമുക്ക് പോരാടിയേ പറ്റൂ’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാർ രാജ്യത്തെ അക്രമണത്തിലേക്ക് തള്ളിയിട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യൻ യുവത്വത്തിന്റെ ഭാവി ചാരമാക്കിയെന്നും സോണിയ പറഞ്ഞു.

രാജ്യതലസ്ഥാനത്തെ അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കിയ പ്രക്ഷോഭങ്ങളാണ്​ ഇന്നലെ വൈകുന്നേരം അരങ്ങേറിയത്. കോളേജ് ക്യാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലൈബ്രറിയിൽ നിന്നും പള്ളിയിൽ നിന്നും വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. പ്രക്ഷോഭത്തിൽ നിരവധി പൊലീസുകാർക്കും വിദ്യാർഥികൾക്കും അഗ്നിശമന സേനാംഗങ്ങൾക്കും പരുക്കേറ്റു.

കഴിഞ്ഞ വെള്ളിയാഴ്ച കാമ്പസിന് പുറത്ത് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെട്ട സംഘം പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 27 പേരെ കസ്റ്റഡിയിലെടുത്ത ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്. ഹൈദരാബാദിലെ മൗലാന ആസാദ് ഉറുദു സർവകലാശാല, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, പശ്ചിമ ബംഗാളിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഈ പ്രതിഷേധ പ്രകടനങ്ങൾ​ നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook