ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലില്‍ രണ്ടര വയസുകാരിക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമായി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് പ്രിയങ്ക ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിച്ചത്. വെളളിയാഴ്ച്ച വൈകുന്നേരം ആണ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ പ്രചരണത്തിന് എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് പ്രിയങ്ക ഗാന്ധി അറിയുന്നത്. അര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ പ്രയാഗ്‍രാജിലെ കമല നെഹ്റു ആശുപത്രിയില്‍ ആയിരുന്നു നേരത്തേ പ്രവേശിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കമല നെഹ്റു ആശുപത്രിയില്‍ തന്നെ ചികിത്സിക്കുന്നതില്‍ കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് തന്നെ വിദഗ്ധ ചികിത്സ നല്‍കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് യാതൊന്നും ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. സംഭവം ശ്രദ്ധയില്‍ പെട്ട കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പ്രിയങ്ക ഗാന്ധിയെ അറിയിക്കുകയായിരുന്നു.
ഇരുവരും പ്രയാഗ്‍രാജില്‍ പ്രചരണത്തിന് എത്തിയതായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട പ്രിയങ്ക ഗാന്ധി കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടു പോവാമെന്ന് അറിയിച്ചു. തുടര്‍ന്നാണ് സ്വകാര്യ വിമാനം ഏര്‍പ്പാടാക്കിയത്. പ്രിയങ്കയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയേയും കുടുംബത്തേയും കൊണ്ട് വിമാനം ഡല്‍ഹി എയിംസിലേക്ക് പറന്നു. പെണ്‍കുട്ടി ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണ്.