scorecardresearch
Latest News

പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു; റോഡില്‍ കുത്തിയിരുന്ന് പ്രിയങ്കയുടെ പ്രതിഷേധം

പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പ്രിയങ്കയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു

Priyanka Gandhi detained by Police UP

ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പിന്നീട് പ്രിയങ്കയെ പൊലീസ് വാഹനത്തില്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ പ്രിയങ്ക ശക്തമായി പ്രതിഷേധിച്ചു. തന്നെ തടഞ്ഞുനിര്‍ത്തിയ പൊലീസ് പിന്നീട് പ്രതിഷേധ സ്ഥലത്തുനിന്ന് തന്നെ നീക്കിയെന്ന് പ്രിയങ്ക ആരോപിച്ചു. എന്നാല്‍, പ്രിയങ്കയെ തടഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

പ്രിയങ്ക ഗാന്ധി പൊലീസ് കസ്റ്റഡിയിൽ

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഇവിടെ സന്ദര്‍ശിക്കാനെത്തിയതാണ് പ്രിയങ്ക ഗാന്ധി. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ പ്രിയങ്കയുടെ വാഹനം പൊലീസ് തടയുകയായിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രിയങ്കയെ പൊലീസ് തടഞ്ഞുനിര്‍ത്തി. പിന്നാലെ പ്രതിഷേധവുമായി പ്രിയങ്ക രംഗത്തെത്തി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കക്കൊപ്പം റോഡില്‍ കുത്തിയിരുന്നു. ഇവിടെ നിന്നാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.

സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 24 പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ വാരണാസിയിലെ ആശുപത്രിയിലെത്തി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക സന്ദർശിച്ചിരുന്നു. ഇവിടെനിന്നു സോന്‍ഭദ്രയിലേക്കുള്ള യാത്രമധ്യേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

പ്രിയങ്ക ഗാന്ധി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

“എങ്ങോട്ടാണ് തങ്ങളെ പൊലീസ് കൊണ്ടുപോകുന്നതെന്ന് അറിയില്ല. എങ്ങോട്ട് വേണമെങ്കിലും പോകാൻ തയ്യാറാണ്”- പ്രിയങ്ക ഗാന്ധി സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ. “ഇരകളായവരുടെ കുടുംബങ്ങളെ കാണാന്‍ മാത്രമാണ് പോയത്. നാല് പേരെ മാത്രമേ താന്‍ കൂടെ കൊണ്ടുപോകൂ എന്ന് ആദ്യമേ അധികാരികളെ അറിയിച്ചതാണ്. എന്നിട്ടും അവര്‍ മുന്നോട്ട് പോകാന്‍ തങ്ങളെ അനുവദിച്ചില്ല. എന്തുകൊണ്ട് തന്നെ തടഞ്ഞുനിര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കണം. ഞങ്ങള്‍ ഇവിടെ സമാധാനപൂര്‍വ്വം കുത്തിയിരിക്കുകയായിരുന്നു”- പ്രിയങ്ക ഗാന്ധി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Priyanka gandhi detained by police up protest dharna