ലക്‌നൗ: പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഉള്ളത്. രാത്രി മുഴുവന്‍ പ്രതിഷേധവുമായി ഇവിടെ കഴിച്ചുകൂട്ടി. നിരവധി ഉദ്യോഗസ്ഥര്‍ പ്രിയങ്കയെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ ഒരടി പിന്നോട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. പ്രിയങ്കയെ പിന്‍തിരിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

വാരണാസി എഡിജിപിയെയും വാരണാസി കമ്മീഷണറെയും യുപി സര്‍ക്കാര്‍ അനുനയ നീക്കത്തിനായി വിട്ടു. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാതെ തിരിച്ചുപോകണമെന്നാണ് അവര്‍ പറയുന്നത്. ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു. എന്നാല്‍, എന്തിനാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട പേപ്പറുകളൊന്നും അവര്‍ എനിക്ക് തന്നിട്ടുമില്ല – പ്രിയങ്ക ഗാന്ധി പറഞ്ഞു.

തന്നെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് നിയമപരമായല്ല എന്ന് പ്രിയങ്ക പറഞ്ഞു. നിയമം ലംഘിക്കാനല്ല താന്‍ ഇവിടെ വന്നതെന്നും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാത്രമേ താന്‍ തിരിച്ചുപോകൂ എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Read Also: പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു; റോഡില്‍ കുത്തിയിരുന്ന് പ്രിയങ്കയുടെ പ്രതിഷേധം

ഗസ്റ്റ് ഹൗസില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് വിവാദത്തിന് കാരണമായി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മനപ്പൂര്‍വ്വം ചെയ്തതാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഇരുട്ടത്ത് ഇരിക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രാത്രി ഏറെ വൈകിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രിയങ്കയെ അനുനയിപ്പിക്കാനായി ഗസ്റ്റ് ഹൗസില്‍ എത്തിയതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പിന്നീട് പ്രിയങ്കയെ പൊലീസ് വാഹനത്തില്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ പ്രിയങ്ക ശക്തമായി പ്രതിഷേധിച്ചു. തന്നെ തടഞ്ഞുനിര്‍ത്തിയ പൊലീസ് പിന്നീട് പ്രതിഷേധ സ്ഥലത്തുനിന്ന് തന്നെ നീക്കിയെന്ന് പ്രിയങ്ക ആരോപിച്ചു. എന്നാല്‍, പ്രിയങ്കയെ തടഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുപിയിലെ സോൻഭദ്രയിൽ സ്ഥലതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനാണ് പ്രിയങ്ക എത്തിയത്.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഇവിടെ സന്ദര്‍ശിക്കാനെത്തിയതാണ് പ്രിയങ്ക ഗാന്ധി. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ പ്രിയങ്കയുടെ വാഹനം പൊലീസ് തടയുകയായിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രിയങ്കയെ പൊലീസ് തടഞ്ഞുനിര്‍ത്തി. പിന്നാലെ പ്രതിഷേധവുമായി പ്രിയങ്ക രംഗത്തെത്തി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കക്കൊപ്പം റോഡില്‍ കുത്തിയിരുന്നു. ഇവിടെ നിന്നാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.

സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 24 പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ വാരണാസിയിലെ ആശുപത്രിയിലെത്തി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക സന്ദർശിച്ചിരുന്നു. ഇവിടെനിന്നു സോന്‍ഭദ്രയിലേക്കുള്ള യാത്രമധ്യേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

“എങ്ങോട്ടാണ് തങ്ങളെ പൊലീസ് കൊണ്ടുപോകുന്നതെന്ന് അറിയില്ല. എങ്ങോട്ട് വേണമെങ്കിലും പോകാൻ തയ്യാറാണ്”- പ്രിയങ്ക ഗാന്ധി സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ. “ഇരകളായവരുടെ കുടുംബങ്ങളെ കാണാന്‍ മാത്രമാണ് പോയത്. നാല് പേരെ മാത്രമേ താന്‍ കൂടെ കൊണ്ടുപോകൂ എന്ന് ആദ്യമേ അധികാരികളെ അറിയിച്ചതാണ്. എന്നിട്ടും അവര്‍ മുന്നോട്ട് പോകാന്‍ തങ്ങളെ അനുവദിച്ചില്ല. എന്തുകൊണ്ട് തന്നെ തടഞ്ഞുനിര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കണം. ഞങ്ങള്‍ ഇവിടെ സമാധാനപൂര്‍വ്വം കുത്തിയിരിക്കുകയായിരുന്നു”- പ്രിയങ്ക ഗാന്ധി ഇന്നലെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook