ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് സമീപകാലത്ത് അരങ്ങേറിയ സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്റെ ചോര തിളയ്ക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി.നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനത്തില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ തനിക്ക് കോപമാണ് തോന്നാറുളളതെന്നും അവര്‍ പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അനിയന്ത്രിതമായിരിക്കുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വ്യക്തമാക്കി. വരും തലമുറ ഇത്തരം ചെയ്തികളെ ചോദ്യം ചെയ്യും. ഈയൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേകതാല്‍പര്യം എടുത്തേ മതിയാകൂവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് നൂറോളം പേര്‍ ചേര്‍ന്ന് അസ്ഗര്‍ അലി എന്നറിയപ്പെടുന്ന ആലിമുദ്ദീന്‍ എന്ന വ്യാപാരിയെ തല്ലി കൊലപ്പെടുത്തി, കാറിന് തീയിട്ടത്. ബീഫ് കടത്തുന്നു എന്ന സംശയിച്ചായിരുന്നു ആക്രമണം.

പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന 16കാ​രനായ ജുനൈദിനെ ബീ​ഫ്​ ക​ഴി​ക്കു​ന്ന​വ​രെ​ന്ന്​ ആ​രോ​പി​ച്ച് വർഗീയവാദികൾ മർദ്ദിക്കുകയും കു​ത്തി​ക്കൊ​ല്ലുകയും ചെയ്​തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കന്നുകാലികളുടെ പേരിൽ നടന്ന അക്രമങ്ങളിൽ 97 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ