ലക്നൗ: കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി പ്രവേശിച്ചത്. മണിക്കൂറുകള്‍ക്കുളളില്‍ വ്യത്യസ്ഥ മണ്ഡലങ്ങളില്‍ നിന്നുളള നിരവധി നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പത്തിലധികം നിയോജക മണ്ഡലങ്ങളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ക്കരേയും പ്രിയങ്ക കണ്ടു.

ഇവരോടൊപ്പം ഒരു മണിക്കൂറിലധികമാണ് പ്രിയങ്ക ഗാന്ധി സംവദിച്ചത്. ഐക്യത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കി. കൂടിക്കാഴ്ച്ചയ്ക്കിടെ ചില ചോദ്യങ്ങളും പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി ആരാഞ്ഞു. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ പ്രവര്‍ത്തകര്‍ക്കായില്ല.

ലക്നൗ, ഉന്നാവോ, മോഹന്‍ലാല്‍ഗഞ്ച്, റായ്ബറേലി, പ്രതാപ്ഗഢ്, പ്രയാഗ്‍രാജ്, അംബേദ്കര്‍ നഗര്‍, സീതാപൂര്‍, ഫത്തേപൂര്‍, ബഹ്റൈച്ച്, ഫുല്‍പൂര്‍, അയോധ്യ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ മുതിര്‍ന്ന നേതാക്കളേയും പ്രവര്‍ത്തകരേയും പ്രിയങ്ക കണ്ടു. ചൊവ്വാഴ്‍ച്ച ഉച്ചയോടെ ഉന്നാവോ നിയോജക മണ്ഡലത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. പ്രാദേശിക ബൂത്തില്‍ നിന്നും കഴിഞ്ഞ തവണ എത്ര വോട്ട് ലഭിച്ചു എന്നായിരുന്നു പ്രിയങ്ക ചോദിച്ചത്.

എന്നാല്‍ ഇതിന് മറുപടി പറയാന്‍ പ്രവര്‍ത്തകര്‍ക്കോ പ്രാദേശിക നേതാക്കള്‍ക്കോ ആയില്ല. അവരവരുടെ ബൂത്തുകളില്‍ അവസാനമായി എപ്പോഴാണ് യോഗം നടത്തിയതെന്നാണ് അടുത്തതായി പ്രിയങ്ക ചോദിച്ചത്. എന്നാല്‍ ഇതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല.

പിന്നീട് ഓരോ നിയോജക മണ്ഡലത്തിലേയും പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ പ്രിയങ്ക നിര്‍ദേശം നല്‍കി. ഇതിലൂടെയായിരിക്കണം കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിക്കേണ്ടതെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിച്ചു. പ്രഭാഷണമാക്കാതെ സംവാദാമാക്കാന്‍ പ്രിയങ്ക ശ്രമിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പല കാര്യങ്ങള്‍ക്കും ഉത്തരം നല്‍കാനായില്ല. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താനായി പ്രിയങ്ക ഗാന്ധി കൈയിലൊരു ഡയറിയും കരുതിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ