ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്കുളള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ് രാഹുൽ ഗാന്ധിയുടെ മാസ്റ്റർ സ്ട്രോക്കാണെന്ന് മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി. പുനസംഘടനയുടെ അലയൊലികള്‍ വൈകാതെ ഉണ്ടാവുമെന്ന് പറഞ്ഞ അദ്ദേഹം ശബരിമല വിഷയത്തിൽ കേരളം കത്താതിരുന്നത് കോൺഗ്രസ് കോഴിപ്പോരിന് ഇറങ്ങാതിരുന്നത് കൊണ്ടാണെന്നും പറഞ്ഞു.
കേന്ദ്രത്തിലുളള ബിജെപി സർക്കാരിനെ എത്രയും വേഗം താഴെ ഇറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ പുനസംഘടന ഇതിന് കരുത്ത് നല്‍കും. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാലിനെ നിയമിച്ചത് പാർട്ടിക്ക് ഊർജ്ജം നൽകുന്ന തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ നിയമിച്ചത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മാത്രം തീരുമാനമാണെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ കുടുംബാധിപത്യം ആണെന്നുളള വിമർശനത്തെ തളളിക്കളഞ്ഞു. ഇന്ദിരാഗാന്ധിയുടെ കാലം മുതൽക്ക് കേൾക്കുന്നതാണ് ഇതെന്നായിരുന്നു ആന്റണിയുടെ മറുപടി.
മലയാളികളെ ശബരിമലയുടെ പേരിൽ പിണറായി തമ്മിലടിപ്പിച്ചെന്നാണ് എകെ ആന്റണി ആരോപിച്ചത്. ശബരിമല കേസിൽ സംസ്ഥാന സർക്കാർ സാവകാശം തേടണമായിരുന്നു. ബിജെപിക്കും ആർഎസ്എസിനും മുതലെടുപ്പിനുളള അവസരമായി ഇത് മാറി. കോൺഗ്രസ് കൂടി ഈ കോഴിപ്പോരിലേക്ക് ചാടിയിറങ്ങിയിരുന്നുവെങ്കിൽ കേരളം കത്തിച്ചാമ്പലായേനെയെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം കൊണ്ട് മോദി സർക്കാർ ഇന്ത്യൻ സമൂഹത്തെ തല്ലിത്തകർത്തു. ഇന്ത്യയെ സഹവർത്തിത്വത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഇടമാക്കി മാറ്റുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ലോകത്തിനാകെ മാതൃകയായ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അടിവേര് ഇതിനോടകം ഇളക്കിയെന്നും അദ്ദേഹം വിമർശിച്ചു.