ഇന്റർനെറ്റ് എന്ന് കോൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിൽ വരിക ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ ഭീമനായിരിക്കും. എല്ല വർഷാവസാനവും ഗൂഗിൾ കഴിഞ്ഞുപോയ വർഷത്തെ ട്രെൻഡ് സെർച്ചുകളുടെ പട്ടിക പുറത്തിറക്കും. വാർത്ത, കായികം, വിനോദം, രാഷ്ട്രീയം എന്നീ വിവിധ മേഖലകളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വ്യക്തികളുടെയും സംഭവങ്ങളുടെയും പട്ടികയാണിത്. ഇത്തവണയും ഗൂഗിൾ പതിവ് തെറ്റിച്ചില്ല, ‘ഇയർ ഇൻ സെർച്ചി’ൽ പക്ഷെ ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ് ഒരു മലയാളി.

ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് പ്രിയ വാര്യർ എന്ന പത്തൊമ്പത് കാരിയെയാണ്. പുരികമിളക്കിയും കണ്ണിറുക്കിയും പ്രിയ വാര്യർ രാജ്യത്ത് പുത്തൻ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു ‘അഡാർ ലൗവി’ലെ നായികയാണ് പ്രിയ. ചിത്രത്തിലെ ഒരു ഗാന രംഗത്തിലാണ് പ്രിയ കണ്ണുകൾ കൊണ്ട് മായജാലം തീർത്തത്.

PRIYA WARRIER

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യ മുഴുവൻ കീഴടക്കിയ ഇപ്പോൾ ഗൂഗിളിലും മുന്നിലെത്തിയിരിക്കുന്നത്. പിന്തള്ളിയതാകട്ടെ ബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പർ താരങ്ങളെ. സെർച്ചിൽ രണ്ടാം സ്ഥാനത്ത് നിക്ക് ജോനാസാണ്. ഭർത്താവായ നിക്ക് ജോനാസ് എന്ന അമേരിക്കകാരനെയാണ് ആളുകൾ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത്.

പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലായിരുന്ന നിക്ക് അമേരിക്കൻ ഗായകനാണ്. ഡിസംബർ ഒന്നിനായിരുന്നു ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് പ്രിയങ്ക ചോപ്ര-നിക് ജോണാസ് വിവാഹം നടന്നത്. 36കാരിയായ പ്രിയങ്കയും 26കാരനായ നിക്കും തമ്മിലുള്ള പ്രണയവും ഡേറ്റിംഗുമെല്ലാം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

എന്നാൽ പ്രിയങ്ക ചോപ്രയാകട്ടെ നാലാം സ്ഥാനത്താണ്. ഹരിയാനയിലെ ഗായികയും സ്‌റ്റേജ് പെർഫോർമറുമായ സപ്‌ന ചൗധരിയാണ് പ്രിയങ്കയെ പിന്തള്ളി മൂന്നാം സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്തുള്ളത് അമേരിക്കയിൽ നിന്നെത്തി ബ്രിട്ടന്റെ രാജകുമാരിയായ മേഘൻ മാർക്കിളാണ്. ഹാരി രാജകുമാരന്റെ വധുവായാണ് മേഘൻ ഇന്റർനെറ്റിൽ താരമാകുന്നത്.

താര വിവാഹങ്ങളാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട പ്രധാന സംഭവങ്ങൾ. ഇതിലും മുന്നിൽ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും വിവാഹമാണ്. ദീപ്‍വീർ എന്ന് ബോളിവുഡ് വിളിച്ച ദീപിക പദുക്കോണിന്റെയും രൺവീർ കപൂറിന്റെയും വിവാഹവും മുന്നിൽ തന്നെയാണ്. സോനം കപൂർ-ആനന്ദ് അഹൂജ വിവാഹവും ഗൂഗിളിൽ തരംഗമായി.

മറ്റ് സംഭവങ്ങളിൽ മുന്നിൽ സ്റ്റാച്യൂ ഓഫ് യൂണിറ്റിയും, സെക്ഷൻ 377, കേന്ദ്ര ബഡ്ജറ്റ് എന്നിവയ്ക്ക് പുറമെ ബിറ്റ് കോയിനും ഇടം കണ്ടെത്തി. കേരളത്തെയാകെ ഭീതിയിലാക്കിയ നിപ വയറസാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട മറ്റൊരു വാക്ക്.

Statue of Unity in Gujarat Inauguration Today LIVE

ബോളിവുഡ് സിനിമകളുടെ പട്ടികയിൽ 2.0 യാണ് ഒന്നാം സ്ഥാനത്ത്. ബാഗി 2, റേസ് 3 എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ കുട്ടികളുടെ പരിപാടിയായ ‘ബാൽവിറും’,’ മോട്ടു പത്‍ലൂ’ എന്നിവയും ഇടംപിടിച്ചു. ലോകകപ്പ് വർഷമായതിനാൽ തന്നെ കായിക മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ സെർച്ചുകൾ ഉണ്ടായത് റഷ്യയിൽ നടന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ടാണ്. ഇന്ത്യൻ പ്രീമിയർ ലീഗും മുന്നിൽ തന്നെയുണ്ട്.

ഗൂഗിളിൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യങ്ങൾ ഇവയാണ് ‘എന്താണ് കിക്കി ചലഞ്ച്? ‘, ‘എങ്ങനെ റുബിക്സ് ക്യൂബ് സോൾവ് ചെയ്യാം?’.  എക്കാലത്തെയും ആവർത്തിക്കപ്പെടുന്ന ചോദ്യം റുബിക്സ് ക്യൂബ് ഇത്തവണയും ട്രെണ്ടിൽ മുന്നിൽ തന്നെ എത്തി. കഴിഞ്ഞ വർഷം ബാഹുബലിയായിരുന്നു ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ