ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മേയറായിരുന്ന ചെന്നൈ കോര്‍പറേഷനില്‍ പിന്‍ഗാമിയായി ആദ്യ ദലിത് വനിത. എംകോം ബിരുദധാരി പ്രിയ രാജനെന്ന ഇരുപത്തിയെട്ടുകാരിയെയാണു മേയറായി ഡിഎംകെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ചെന്നൈ കോര്‍പറേഷന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ മേയറാണ് പ്രിയ രാജന്. താര ചെറിയാന്, കാമാക്ഷി ജയരാമന് എന്നിവരാണ് ഇതിനു മുന്‍പ് മേയര്‍ പദത്തിലെത്തിയ വനിതകള്‍.
തിരു.വി.ക നഗര്‍ പ്രദേശത്തുകാരിയായ പ്രിയ 74-ാം വാര്‍ഡില്‍നിന്നാണ് കോര്‍പറേഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കോര്‍പറേഷനില്‍ ഡിഎംകെയ്ക്കു ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയയുടെ സ്ഥാനാര്ഥിത്വത്തിനു വെല്ലുവിളി സാധ്യതയില്ല.
തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പദവിയാണ് ചെന്നൈ കോര്പറേഷന് മേയര്‍. മുഖ്യമന്ത്രി സ്റ്റാലിനു പുറമെ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും മേയര്‍ സ്ഥാനം വഹിച്ചിരുന്നു.
പെരുങ്കുടി മേഖലയിലെ 169-ാം വാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ട മഹേഷ് കുമാറിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു ഡിഎംകെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, മുനിസിപ്പാലിറ്റികളുടെയും ടൗണ്‍ പഞ്ചായത്തുകളുടെയും ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിങ്ങനെ 1,296 സ്ഥാനങ്ങളിലേക്കു വെള്ളിയാഴ്ചയാണു തിരഞ്ഞെടുപ്പ്.
പുതുതായി രൂപീകരിക്കപ്പെട്ട താംബരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്കു കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് ബിരുദധാരിയായ വസന്തകുമാരി കണ്ണനെയാണു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്്. മധുരൈയില്‍ ഇന്ദിറാണിയും കോയമ്പത്തൂരില്‍ കല്പ്പനയുമാണു മേയര്‍ സ്ഥാനാര്‍ത്ഥികള്‍. ഹൊസൂരില്‍ മുന്‍ എംഎല്‍എ എസ്എ സത്യയാണ് സ്ഥാനാര്‍ഥി.
തമിഴ്നാട്ടിലെ 21 കോര്‍പറേഷനുകളില്‍ ഇരുപത്തിലും ഡിഎംകെയാണു മേയര്‍ പദവിയിലേക്ക് എത്തുന്നത്. കുംഭകോണം സഖ്യകക്ഷിയായ കോണ്‍ഗ്രസിനു നല്‍കുകയും ചെയ്തു. ഡിഎംകെയുടെ 20 മേയര്‍ സ്ഥാനങ്ങളില്‍ 11 പേര് വനിതകളും ഒന്പതുപേര് പുരുഷന്മാരുമാണ്.
മധുരയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഎമ്മിനും തിരുപ്പൂരില്‍ സിപിഐക്കും നല്കി. തിരുവള്ളൂര്‍ ജില്ലയിലെ ആവഡി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എംഡിഎംകെ സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യും. കടലൂരില്‍ വിസികെക്കാണു ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കിയത്.