ന്യൂഡൽഹി: റെയിൽവേയുടെ സ്വകാര്യവത്കരണത്തോടൊപ്പം സർവീസ് നടത്തുന്ന സ്വകാര്യ ഓപ്പറേറ്റർമാർക്കായി കർശനമായ നിയമങ്ങളുമായി ഇന്ത്യൻ റെയിൽവേ. നേരത്തെ സ്‌റ്റേഷനുകളിലെത്തുന്ന ട്രെയിനുകള്‍ക്കും വൈകിയെത്തുന്ന ട്രെയിനുകള്‍ക്കും പിഴ നല്‍കേണ്ടി വരും. സ്വകാര്യട്രെയിനുകള്‍ 95 ശതമാനം സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും എന്നാണ് റെയിൽവേയുടെ താക്കീത്.
സർക്കാരുമായി വരുമാനം പങ്കിടുന്നതരത്തിലാണ് സ്വകാര്യവത്കരണം നടപ്പാക്കുന്നത് എന്നതിനാൽ, സ്വകാര്യ സർവീസ് ഓപ്പറേറ്റർമാരുടെ ഓഫീസിൽ ഇന്ത്യൻ റെയിൽവേ തങ്ങളുടെ പ്രതിനിധിയെ നിയോഗിക്കും. വരുമാനം സംബന്ധിച്ച കണക്കുകൾ സത്യസന്ധമായും വിശ്വസ്തതയോടെയും റിപ്പോർട്ടുചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനാണിത്.
Read More: കാലു കൊണ്ട് തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍
സ്വകാര്യട്രെയിനുകളുടെ യഥാര്‍ഥവരുമാനം കണക്കുകൂട്ടിയതില്‍ നിന്ന് ഒരു ശതമാനമെങ്കിലും അധികമായാല്‍ ആ തുകയുടെ പത്തുമടങ്ങ് പിഴയിനത്തില്‍ നല്‍കേണ്ടി വരും.
സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാർ സർവീസ് നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ കരടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സ്വകാര്യവത്ക്കരണം സംബന്ധിച്ച് ബുധനാഴ്ച നടന്ന രണ്ടാം വട്ട ചര്‍ച്ചയ്ക്കിടെയാണ് റെയില്‍വെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഉറപ്പുനല്‍കേണ്ടുന്ന 95 ശതമാനം സമയനിഷ്ഠയില്‍ വരുത്തുന്ന ഒരു ശതമാനം പിഴവിന് ഓരോ കിലോമീറ്ററിനും 512 രൂപ വീതം സ്വകാര്യട്രെയിനുകള്‍ നല്‍കേണ്ടി വരും. റെയില്‍വെയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് നല്‍കുന്ന തുകയായാണ് ഇത് ഈടാക്കുന്നത്.
സമാനമായി, പത്ത് മിനിറ്റ് മുമ്പ് നിശ്ചിത സ്റ്റേഷനിലെത്തിച്ചേരുന്ന ഓരോ സ്വകാര്യ സ്വകാര്യ ട്രെയിനുകള്‍ക്കും, സ്വകാര്യ കമ്പനികൾ 10 കിലോമീറ്ററിന്റെ ചാര്‍ജ് നല്‍കേണ്ടി വരും.
അതേസമയം, റെയില്‍വെയുടെ ഉത്തരവാദിത്തം മൂലമാണ് സ്വകാര്യട്രെയിനുകളുടെ സര്‍വീസിന് പിഴവ് സംഭവിക്കുന്നതെങ്കില്‍ ഒരു ശതമാനം പിഴവിന് ബദലായി 50 കിലോമീറ്റര്‍ ദൂരത്തിന് സമാനമായ തുക റെയില്‍വെ സ്വകാര്യകമ്പനികള്‍ക്ക് നല്‍കണം.
സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ ഒരു സര്‍വീസിന് നല്‍കേണ്ടുന്നതിന്റെ നാലിലൊന്ന് തുകയും സ്വകാര്യകമ്പനി നല്‍കണം. സര്‍വീസ് റദ്ദാക്കല്‍ ഒരു മാസത്തിലധികം നീളുകയാണെങ്കില്‍ സര്‍വീസിന്റെ മുഴുവന്‍ തുകയും സ്വകാര്യകമ്പനി നല്‍കേണ്ടി വരും.
എന്നാല്‍ റെയില്‍വെയുടെ പിഴവുമൂലമാണ് സർവീസ് റദ്ദാക്കേണ്ടി വരുന്നതെങ്കിൽ റെയില്‍വെ ഒരു തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കുന്നതല്ല. കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാരണത്താലാണ് യാത്രതടസ്സം നേരിടുന്നതെങ്കില്‍ യാതൊരു പിഴയും പരസ്പരം നല്‍കേണ്ടതില്ല.
സ്വകാര്യകമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാനദിവസം സെപ്റ്റംബര്‍ എട്ടാണ്. സ്വകാര്യസര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ച 23 കമ്പനികളാണ് രണ്ടാംവട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
പട്ടികയിൽ വലിയ കോർപ്പറേറ്റ് പേരുകളിൽ എൽ ആന്റ് ടി ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് ഡെവലപ്‌മെന്റ് ലിമിറ്റഡും സീമെൻസ് ലിമിറ്റഡും ഉൾപ്പെടുന്നു. ബോംബാർഡിയർ, അൽസ്റ്റോം, ടൈറ്റഗഡ് വാഗൺസ്, സിഎഎഫ് ഇന്ത്യ, ഗേറ്റ്‌വേ റെയിൽ, വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെർലൈറ്റ് പവർ, ബിഎച്ച്ഇഎൽ, ബിഐഎംഎൽ, ഐആർസിടിസി എന്നിവയും പട്ടികയിലെ പ്രധാന പേരുകളാണ്.
Read in English: Private operators to pay Railways if trains delayed, early