ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്വകാര്യ ഓഫീസുകള്‍ അടയ്ക്കാന്‍ നിര്‍ദേശം. വര്‍ക്ക് ഫ്രം ഹോം പിന്തുടരാനും ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഡിഡിഎംഎ യോഗത്തിലാണ് തീരുമാനം.
”ഡല്‍ഹിയിലെ കോവിഡ് സ്ഥിതിഗതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കുറച്ചുദിവസങ്ങളായി (ഒമിക്രോണ്‍ വകഭേദം ബാധിച്ചത് ഉള്‍പ്പെടെ) കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനം കവിഞ്ഞു. അതിനാല്‍, വളരെ വേഗം പകരുന്ന ഒമിക്രോണ്‍ വകഭേദം ഉള്‍പ്പെടെയുള്ള കോവിഡ് വ്യാപനം തടയാന്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരുതുന്നു,” ഉത്തരവില്‍ പറയുന്നു.
സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരെ മാത്രം പ്രവേശിപ്പിക്കാവൂയെന്നായിരുന്നു മുന്‍പത്തെ നിര്‍ദേശം.
Also Read: ഒമിക്രോൺ വ്യാപനം: മരണങ്ങൾ വർധിക്കുന്നു, പക്ഷേ രണ്ടാം തരംഗത്തേക്കാൾ കുറവ്
പുതിയ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടവ്: സ്വകാര്യ ബാങ്കുകള്‍; ഫാര്‍മസ്യൂട്ടിക്കല്‍ സേവനങ്ങള്‍, റെസ്റ്റോറന്റുകള്‍, ടെലികോം സേവനങ്ങള്‍, ചരക്കു ഗതാഗതം, വ്യോമയാന സേവനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ നല്കുന്ന ഓഫീസുകള്‍; ആര്‍ബിഐ നിയന്ത്രിത സ്ഥാപനങ്ങള്‍; ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍; മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍; അഭിഭാഷകരുടെ ഓഫീസുകള്‍; കൊറിയര്‍ സേവനങ്ങള്‍.
ഹോട്ടലുകളിലും റസ്ററ്റോറന്റുകളിലും ബാറുകളിലും ഇരുന്നു കഴിക്കുന്നത് കഴിഞ്ഞദിവസം ഡിഡിഎംഎ വിലക്കിയിരുന്നു. ടേക്ക് എവേ, ഹോം ഡെലിവറി സേവനങ്ങള്‍ക്കു മാത്രമാണ് അനുവാദമുള്ളത്. മാര്‍ക്കറ്റുകളും മാളുകളും കഴിഞ്ഞ ഒരാഴ്ചയായി പിന്തുടരുന്നതുപോലെ ഒറ്റ-ഇരട്ട അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
പുതിയ കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ കഴിഞ്ഞാഴ്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 22,751 ആയിരുന്നു ഞായറാഴ്ചത്തെ പ്രതിദിന കേസുകളുടെ എണ്ണം. തിങ്കളാഴ്ച 19,166 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ തിങ്കളാഴ്ച ടെസ്റ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഞായറാഴ്ച ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ തിങ്കളാഴ്ചയത് 76,000 മാത്രമായിരുന്നു.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ഉള്‍പ്പെടെ പരിശോധന നടത്തിയ നാലില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. 65,806 മൊത്തം സജീവ കേസുകളുടെ എണ്ണം. ഇതുവരെ 546 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഈ ആഴ്ച കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍.