ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിനുവേണ്ടിയുള്ള സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ ബിജെപിയുടെ മൂന്നും ജെഡിയുവിന്റെ ഒരാളും ഉൾപ്പെടെ നാല് എംപിമാരാണ് ഇന്ന് അനുമതി നേടിയത്. ഇതിലൊരാൾ, ജനസംഖ്യാ നിയന്ത്രണ ബിൽ നടപ്പാക്കാൻ ശ്രമം നടത്തുന്ന ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നുള്ള ബിജെപി എംപി രവി കിഷനാണ്. മൂന്ന് പെണ്ണും ഒരാണുമായി നാല് മക്കളുടെ പിതാവാണ് ഇദ്ദേഹം.
ലോക്‌സഭയുടെ സ്വകാര്യ ബില്ലുകളുടെ പുതുക്കിയ പട്ടികയിൽ രവികിഷന്റെ ബില്ലിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല.
ബിഹാറിൽ ബിജെപി അംഗം സുശീൽ കുമാർ സിങ്ങാണ് മറ്റൊരു ബിൽ മുന്നോട്ടു വച്ചത്. ദേശീയ തലത്തിൽ ദേശീയ ജനസംഖ്യാ ആസൂത്രണ അതോറിറ്റിയും ഓരോ ജില്ലയിലും ജനസംഖ്യാ ആസൂത്രണ സമിതിയും രൂപീകരിക്കാൻ നിർദേശിക്കുന്നതാണ് സുശീൽ കുമാർ സിങ്ങിന്റെ ബിൽ.
ഈ നിർദിഷ്ട സ്ഥാപനങ്ങൾ വഴി കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കാനും അതുവഴി രാജ്യത്തിന്റെ വികസനത്തോടും വിഭവങ്ങളോടും ചേർന്ന് പോകുന്ന തരത്തിൽ ജനസംഖ്യാ നിയന്ത്രണം ഉറപ്പാക്കാനും കഴിയുമെന്നും സിങ്ങ് പറയുന്നു. സിങ്ങിന് രണ്ട് ആണും ഒരു പെണ്ണും ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്.
Read More: എന്റെ ഫോണും ചോര്‍ത്തി, അമിത് ഷാ രാജിവയ്ക്കണം: രാഹുല്‍ ഗാന്ധി
ബിൽ കൊണ്ടുവന്ന ജെഡിയു അംഗം അലോക് കുമാർ സുമനും ബിഹാറിൽനിന്നു തന്നെയുള്ള എംപിയാണ്. രണ്ട് ആൺമക്കളുള്ള ഇദ്ദേഹം, സുശീൽ കുമാർ സിങ് കൊണ്ടുവന്നതിനു സമാനമായ ബില്ലാണ് അവതരിപ്പിക്കുന്നത്. “ജനസംഖ്യാ ഗതിവേഗത്തിന്റെ പ്രത്യാഘാതങ്ങളിലേക്ക്” ശ്രദ്ധ തിരിക്കാനാണ് തന്റെ ബില്ലെന്നും അദ്ദേഹം പറയുന്നു.
“പരമാവധി രണ്ട് കുട്ടികൾ വരെയുള്ള ചെറിയ കുടുംബ മാനദണ്ഡങ്ങൾ യോഗ്യരായ ദമ്പതികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമാണ്” എന്ന് വരെ സുമന്റെ ബില്ലിൽ പരാമർശിക്കുന്നു.
ലോക്‌സഭാ അംഗങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്തതിൽ 540 എംപിമാരിൽ 168 പേർക്ക് രണ്ടിലധികം കുട്ടികളുണ്ട്. ഇവരിൽ 105 പേർ ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ളവരാണ്. 66 ബിജെപി എംപിമാർക്ക് മൂന്ന് കുട്ടികളും 26 പേർക്ക് നാല് കുട്ടികളും 13 പേർക്ക് അഞ്ച് കുട്ടികളുമുണ്ട്.
Read More: പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
ജെഡിയുവിന്റെ ദിലേശ്വർ കമൈത്ത്, അപ്നാദളിലെ പക്കൗരി ലാൽ, എഐയുഡിഎഫിലെ മൗലാന ബദ്രുദ്ദീൻ അജ്മൽ എന്നീ എംപിമാർക്ക് ഏഴു കുട്ടികളുണ്ട്. കോൺഗ്രസിന്റെ മുഹമ്മദ് സാദിക്ക്, മുസ്ലിം ലീഗ് എംപി അബ്ദുസ്സമദ് സമാദാനി എന്നിവർക്ക് ആറ് കുട്ടികൾ വീതമുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന ചാർട്ടിൽ ഓരോ പാർട്ടിയെയും സൂചിപ്പിക്കുന്ന വൃത്തങ്ങളിൽ ക്ലിക്ക് ചെയ്താൽ അവ സൂം ഇൻ ചെയ്യാൻ കഴിയും. സൂംഔട്ട് ചെയ്യുന്നതിന് വലത് വശത്ത് മുകളിൽ ദൃശ്യമാകുന്ന അമ്പടയാളം ഉപയോഗിക്കുക. ഓരോ പാർട്ടിയിലെയും എംപിമാരുടെ കുട്ടികളുടെ എണ്ണം ഈ ചാർട്ടിൽ കാണാം.
താഴെ നൽകിയിരിക്കുന്ന ചാർട്ടിലെ സെർച്ച് ബോക്സിൽ എംപിമാരുടെ പേര്, നിയോജകമണ്ഡലം, പാർട്ടി, സംസ്ഥാനം എന്നിവയിലേതെങ്കിലും ഉപയോഗിച്ച് സെർച്ച് ചെയ്യാം.
പാർലമെന്റിൽ ഒരു സ്വകാര്യ ബിൽ നിയമമാകാനുള്ള സാധ്യത വളരെ കുറവാണ്. അവയ്ക്ക് സർക്കാരിന്റെ പിന്തുണ ലഭിക്കാൻ സാധ്യത കുറവാണ് എന്നതിനാലാണിത്.
Read More: Pegasus: ദലൈലാമയുടെ മുഖ്യ ഉപദേശകരുടെ ഫോണുകളും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്
1970 മുതൽ സ്വകാര്യ അംഗങ്ങളുടെ ബില്ലുകളൊന്നും പാർലമെന്റ് പാസാക്കിയിട്ടില്ലെന്ന് ‘പിആർഎസ് ലെജിസ്ലേറ്റീവ്’ നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ആകെ 14 സ്വകാര്യ ബില്ലുകൾക്ക് മാത്രമേ ഇതുവരെ പാർലമെന്റിന്റെ അനുമതി ലഭിച്ചിട്ടുള്ളൂ.
തയാറാക്കിയത്: ലീല പ്രസാദ്