സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസ് കോവിഡ് -19 വാക്സിന് 250 രൂപ വരെ ഈടാക്കാം. ഫെബ്രുവരി 26 ന് ദേശീയ ഹെൽത്ത് അതോറിറ്റി സിഇഒയുടെയും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും അധ്യക്ഷതയിൽ ചേർന്ന കോ-വിൻ 2.0 ന്റെ പരിശീലന പരിപാടിയോടനുബന്ധിച്ചുള്ള യോഗത്തിൽ ഈ നിരക്കിന് അംഗീകാരം ലഭിച്ചതായിമഹാരാഷ്ട്ര ആരോഗ്യ സെക്രട്ടറി ഡോ പ്രദീപ് വ്യാസ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
Read More: മുതിർന്നവർക്കുള്ള കോവിഡ് വാക്സിൻ വിതരണം ഒന്നു മുതൽ; ആർക്കെല്ലാം അപേക്ഷിക്കാം, നടപടികൾ എന്തെല്ലാം?
“കോവിഡ് വാക്സിനേഷൻ സെന്ററുകളായി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട സേവന നിരക്ക് ഒരു ഡോസിന് ഒരാൾക്ക് 100 രൂപ എന്ന പരിധിക്ക് വിധേയമാകുമെന്ന് അറിയിച്ചിരുന്നു. കൂടാതെ, വാക്സിനേഷന്റെ വിലയായി സ്വകാര്യ ആശുപത്രികൾക്ക് ഒരാളിൽനിന്ന് 150 രൂപ ഈടാക്കാനാവും. അതിനാൽ, സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന പരിധി ഒരു ഡോസിന് ഒരാൾക്ക് 250 രൂപയാണ്,” ഡോ വ്യാസ് പറഞ്ഞു.
കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ ഈ നിരക്ക് പ്രാബല്യത്തിൽ തുടരുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ദേശീയ ആരോഗ്യ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ വന്ദന ഗുർനാനി അറിയിച്ചു. ചാർജുകളെക്കുറിച്ച് എംപാനൽ ചെയ്ത സ്വകാര്യ മേഖലയിലെ ആശുപത്രികളെ അറിയിക്കാനും കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിൽ പങ്കെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.