ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം സ്വീകരിച്ചില്ല എങ്കില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഡാറ്റ സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും വാട്സാപ്പ് കോടതിയില്‍ വ്യക്തമാക്കി.
“സ്വകാര്യതാ നയം സ്വീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടരും. ഓപ്ഷണലായുള്ള സവിശേഷതകൾ ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുമ്പോഴും അപ്ഡേറ്റ് സംബന്ധിച്ചുള്ള സന്ദേശം നല്‍കും,” വാട്സാപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ കോടതിയോട് പറഞ്ഞു.
വാട്സാപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) നടത്തുന്ന അന്വേഷണത്തിനെതിരെ നല്കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് വാട്സാപ്പിന്റെ നിലപാട് അഭിഭാഷകന് വ്യക്തമാക്കിയത്.
“പാർലമെന്ററി നിയമം നിലവില്‍ വരുന്നതുവരെ നടപടികള്‍ ഉണ്ടാകില്ല. പാർലമെന്ററി നിയമം നിലവില്‍ വന്നു കഴിഞ്ഞാല്‍ അതിന് അനുസരിച്ച് പൊരുത്തപ്പെടണം. ഇന്ത്യയ്ക്കായി പ്രത്യേക നയമുണ്ടാക്കാൻ പാർലമെന്റ് അനുവദിക്കുകയാണെങ്കിൽ അത് ഉണ്ടായിരിക്കും. അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ തീരുമാനമെടുക്കും,” സാല്‍വെ പറഞ്ഞു.
മാർച്ച് 24 ലെ സിസിഐ ഉത്തരവിനെതിരെയാണ് വാട്സാപ്പും ഫെയ്സ്ബുക്കും ഹൈക്കോടതിയെ സമീപിച്ചത്. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ മറ്റ് ഫെയ്സ്ബുക്ക് കമ്പനികളുമായി പങ്കിടുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇത് ഉപയോക്താവിന്റെ സമ്മതത്തോടു കൂടിയല്ല. അന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് സിസിഐ ഉത്തരവ്
Also Read: സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല: ഹൈക്കോടതി