/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡല്‍ഹി: മനുഷ്യജീവിതത്തിന്‍റെ എല്ലാ പ്രക്രിയകളിലും അന്തസിലും സ്വകാര്യത ഉള്‍ചേരുന്നുണ്ട് എന്ന് ആധാര്‍ കാര്‍ഡിലെ സ്വകാര്യതാലംഘനം ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരന്‍റെ വക്കീല്‍ സുപ്രീംകോടതിയോട് പറഞ്ഞു. സ്വകാര്യതാവകാശം മൗലികാവകാശമാണോ എന്നത് നിര്‍ണയിക്കുവാനുള്ള ഒമ്പതംഗ സുപ്രീംകോടതി ബെഞ്ചിനോടായിരുന്നു ഹര്‍ജിക്കാരന്‍റെ വക്കീലിന്‍റെ ഈ വാദമുഖം.
ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹറിന്‍റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സുപ്രീംകോടതി ബെഞ്ചിനോട് പരാതിക്കാരനുവേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യമാണ്. ജീവിതത്തിനും സ്വാതന്ത്യത്തിനുമുള്ള അവകാശം എക്കാലത്തും നിലനില്‍ക്കുന്ന പരമമായ അവകാശമാണ്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് എസ് എ ബോഡ്ബി, ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍, ജസ്റ്റിസ് രോഹിന്‍ട്ടന്‍ ജസ്റ്റിസ് ഫാലി നരിമാന്‍, ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
ആധാര്‍ കേസുമായി ഇടകലരുന്ന സ്വകാര്യതാവിഷയങ്ങളിലാണ് ഈ ബെഞ്ച് വിധി കേള്‍ക്കുന്നത്. ആധാര്‍ വിഷയത്തില്‍ വിധി പറയുക മറ്റൊരു അഞ്ചംഗ ബെഞ്ച് ആവും. മൗലികാവകാശങ്ങളോടൊപ്പം തന്നെ കൂട്ടി വായിക്കപ്പെടേണ്ട ചില പ്രാകൃത മൂല്യങ്ങൾ ഉണ്ട് എന്ന് ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. അമേരിക്കൻ ഭരണഘടനയിൽ നിന്നും മറ്റു പല രാഷ്ട്രങ്ങളുടെയും ആമുഖത്തില്‍ തന്നെ ഇത് സംബന്ധിച്ച് നിരീക്ഷിക്കെണ്ടാതായ ചില പദപ്രയോഗങ്ങളുണ്ട് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
"നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണ് സ്വാതന്ത്ര്യം. നമ്മുടെ ഭരണഘടനയില്‍ സ്വാഭാവികമായും നിലനിൽക്കുന്ന അവകാശങ്ങളാണ് ജീവിക്കാനുള്ള സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും. സ്വകാര്യത ഇല്ലാതെ സ്വാതന്ത്ര്യത്തെ അനുഭവിച്ചറിയാൻ സാധിക്കില്ല. സ്വകാര്യത മറ്റു അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമില്ലെന്നും, സ്വന്തന്ത്രമായി നിലനില്‍ക്കും" എന്നും ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.
കേസില്‍ നാളെയും സുപ്രീംകോടതി വിധി കേള്‍ക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.