ഭുവനേശ്വർ: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആണവായുധം വഹിക്കാനാകുന്ന പൃഥ്വി II മിസൈൽ ഒഡിഷയിൽ പരീക്ഷിച്ചു. 350 കിലോമീറ്റർ പ്രഹരശേഷിയുള്ള ആയുധം ഒഡിഷയിലെ ബാലസോറിനടുത്ത് ചന്ദിപൂറിൽ നിന്നാണ് പരീക്ഷിച്ചത്. രാവിലെ 9.50 ഓടെ നടത്തിയ പരീക്ഷണം വിജയമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഒരു ടൺ വരെ ആയുധശേഖരം വഹിക്കാവുന്ന ആയുധത്തിലെ സാങ്കേതിക വിദ്യ സഞ്ചാരപഥം കൗശലപൂർവ്വം നിർണ്ണയിക്കുന്നതും ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുന്നതുമാണ്.

പ്രതിരോധ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡിആർഡിഒ യാണ് ആയുധം വികസിപ്പിച്ചത്. ഡിആർഡിഒ യുടെ റഡാറുൾപ്പടെയുള്ള സാങ്കേതിക സംവിധാനങ്ങൾ വഴി മിസൈലിന്റെ സഞ്ചാരപഥം നിർണയിക്കും.

ബംഗാൾ ഉൾക്കടലിലാണ് പരീക്ഷണം നടന്നത്. രണ്ട് മിസൈലുകളാണ് ഒരേ കപ്പലിൽ നിന്ന് വിന്യസിച്ചത്. രണ്ടും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചു. 9 മീറ്റർ ഉയരമുള്ള പൃഥ്വി II ആണ് ഡിആർഡിഒ യുടെ ഇന്റഗ്രേറ്റഡ് മിസൈൽ ഡവലപ്മെന്റ് പദ്ധതിയിൽ ആദ്യമായി വികസിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ