/indian-express-malayalam/media/media_files/uploads/2023/04/Shivakumar.jpg)
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിനാണ് മുൻഗണന നൽകുന്നതെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി.കെ.ശിവകുമാർ. സിദ്ധരാമയ്യയുമായി തനിക്ക് യാതൊരുവിധ തർക്കവും ഇല്ലെന്നും ഹൈക്കമാൻഡ് പറയുന്നത് എന്താണോ അത് തങ്ങൾ അനുസരിക്കുമെന്നും ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. അത് വ്യക്തിയേക്കാൾ പ്രധാനമാണ്. ആദ്യം പാർട്ടി, പിന്നെ ഞങ്ങൾ. ഇവിടെ അധികാര തർക്കമില്ല. ആരുമായും പോരടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബിജെപിയുമായി പോരാടി അവരെ തോൽപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ഭരണം പൂർണമായും തകർന്നു. കർണാടകയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബിജെപിയുടെ സ്വന്തം നേതാക്കൾ പോലും വിശ്വസിക്കുന്നില്ല. പാർട്ടിയെ കെട്ടിപ്പടുത്ത മുതിർന്ന ബിജെപി നേതാക്കൾ ഇപ്പോൾ പറയുന്നത് പാർട്ടിക്ക് അധികാരത്തിൽ വരാൻ കഴിയില്ലെന്നും പാർട്ടിയിൽ നിന്ന് പുറത്തുപോയെന്നുമാണ്. ഇനിയും പലരും പുറത്തേക്കുവരാൻ ആഗ്രഹിക്കുന്നു. പിന്നെ എങ്ങനെയാണ് സാധാരണക്കാർ അവരെ വിശ്വസിക്കുകയെന്ന് ശിവകുമാർ ചോദിച്ചു.
തിരഞ്ഞെടുപ്പിൽ 150 സീറ്റ് കിട്ടിയില്ലെങ്കിൽ ബിജെപി വിജയം തട്ടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു, താങ്കൾക്ക് അത്തരം ഭയങ്ങളുണ്ടോ എന്ന ചോദ്യത്തിനും ശിവകുമാർ മറുപടി നൽകി. ''രാഹുൽ ഗാന്ധിയെ ബിജെപി ദ്രോഹിച്ചു. സ്പീക്കർ അദ്ദേഹത്തെ അയോഗ്യനാക്കി. രണ്ടു വർഷം അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചു. എന്നാൽ, അദ്ദേഹം ഇവിടെ എത്തിയപ്പോൾ പിന്തുണയുമായി വലിയ ജനക്കൂട്ടം എത്തി. ജനക്കൂട്ടവും ആഭ്യന്തര സർവേകളും അദ്ദേഹത്തിന് ആത്മവിശ്വാസം നൽകി. ആ ആത്മവിശ്വാസത്തിലാണ് അദ്ദേഹം 150 സീറ്റുകളുടെ ജനവിധി ചോദിച്ചത്.''
എപ്പോഴെങ്കിലും ബിജെപിയിൽ ചേരാനുള്ള പ്രലോഭനം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, ''എനിക്ക് അതിന് കഴിയില്ല. ഏത് സാഹചര്യത്തിലും. ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നു, കോൺഗ്രസ് നേതൃത്വം പാറപോലെ എനിക്കൊപ്പം നിന്നു. ചിലപ്പോൾ വേദനയുണ്ടായിട്ടുണ്ട്, എന്നാൽ ഓരോ വേദനയ്ക്കും നേട്ടമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.