ബെംഗളൂരു: കര്‍ണാടകയിലെ ജനങ്ങള്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കേണ്ടത് റോഡ്, ഗട്ടര്‍, മറ്റ് ചെറിയ കാര്യങ്ങള്‍ക്കല്ല മറിച്ച് ‘ലവ് ജിഹാദി’നായിരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുയരുന്നത്. ബിജെപി തങ്ങളുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ വര്‍ഗീയതയെ ആയുധമാക്കുന്നുവെന്നാണ് ആക്ഷേപം.
തിരഞ്ഞെടുപ്പിന് മംഗളൂരു സിറ്റി മണ്ഡലത്തിലെ പാർട്ടി കേഡർമാരെ സജ്ജമാക്കുന്നതിനായി തിങ്കളാഴ്ച സംഘടിപ്പിച്ച ‘ബൂത്ത് വിജയ് അഭിയാൻ’ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് കട്ടീല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിച്ച കേന്ദ്രത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത കട്ടീല്‍ നടപടി ഹിന്ദു പ്രവര്‍ത്തകരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായും പറഞ്ഞു. പിഎഫ്ഐ നിരവധി കൊലപാതകങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
“അതിനാൽ റോഡുകൾ, ഗട്ടറുകൾ, ഡ്രെയിനുകൾ, മറ്റ് ചെറിയ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കരിക്കേണ്ടതില്ല. നിങ്ങളുടെ കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നമായ ലൗ ജിഹാദ് അവസാനിപ്പിക്കണമെങ്കിൽ, ഒരു ബിജെപി സർക്കാർ ആവശ്യമാണ്,” കട്ടീല്‍ പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
കട്ടീലിന്റെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കര്‍ണാടക കോണ്‍ഗ്രസിന്റെ വിമര്‍ശനം. “സംസ്ഥാനത്തിന്റെ വികസനം, തൊഴിൽ, വിദ്യാഭ്യാസം എന്നിവ ചെറിയ പ്രശ്‌നങ്ങളാണ്. വികസനത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ബിജെപി തങ്ങളുടെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടത് ലജ്ജാകരമാണ്,” ട്വീറ്റില്‍ പറയുന്നു.
നിരോധിക്കുന്നതിന് മുന്‍പ് പിഎഫ്‌ഐ സംസ്ഥാനത്ത് കലാപം നടത്തുകയായിരുന്നെന്നും ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത കട്ടീൽ ആരോപിച്ചു. ഹിന്ദു പ്രവർത്തകരെ ലക്ഷ്യമിട്ട് കൊലപാതക പരമ്പരയാണ് സംഘം ആസൂത്രണം ചെയ്തതെന്നും കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
“പിഎഫ്ഐ നിരോധിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ബിജെപി നേതാക്കളായ മോനപ്പ ഭണ്ഡാരിയും ഹരികൃഷ്ണ ബണ്ട്വാളും (ദക്ഷിണ കന്നഡയിലെ) വേദിയിൽ ഉണ്ടാകുമായിരുന്നില്ല. എംഎൽഎ വേദവ്യാസ് കാമത്ത് ഇവിടെ ഉണ്ടാകുമായിരുന്നില്ല. അവരുടെ ഫോട്ടോകൾക്ക് മുകളിൽ ഒരു മാല മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ,” കട്ടീല്‍ പറഞ്ഞു.