ചണ്ഡിഗഢ്: ഒരു അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് നമുക്ക് അറിയാം. അച്ഛനും അമ്മയും കഴിഞ്ഞാല്‍ പലപ്പോഴും കുട്ടികളുടെ റോള്‍ മോഡലുകളാവുന്നതും അധ്യാപകരാണ്. എന്നാല്‍ പഞ്ചാബിലെ ഒരു സ്കൂളിലുണ്ടായ സംഭവം ഈ വിശ്വാസത്തെ അടിമുടി തച്ചുടക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെയാണ് ദേരാ ബസിയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഒരു അധ്യാപികമാരും പ്രധാനാധ്യാപികയും പരസ്പരം പോരടിച്ചത്.

പ്രധാനാധ്യാപികയായ വീണാ ഭാസിയും ശാസ്ത്രാധ്യാപികയായ കൈലാഷ് റാണിയും തമ്മിലാണ് ഏറ്റുമിട്ടിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് തല്ലിലേക്ക് നയിച്ചത്.

രണ്ട് ദിവസം അവധിയെടുത്ത് സ്കൂളില്‍ തിരിച്ചെത്തിയ തന്നെ പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റാണി ആരോപിക്കുന്നു. വീണ സ്കൂളിലെ ഫണ്ട് മോഷ്ടിക്കുന്നതായും മുതിര്‍ന്ന അധ്യാപികയായ തന്നെ എല്ലാവരും ചേര്‍ന്ന് സ്കൂളില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നതെന്നും റാണി പറയുന്നു.

എന്നാല്‍ റാണി തങ്ങളെ ആക്രമിച്ചെന്നാണ് പ്രധാനാധ്യാപിക പറയുന്നത്. ഹിന്ദി അധ്യാപിക ദീപികയെ അടക്കം മൂന്ന് ടീച്ചര്‍മാരെ റാണി ആക്രമിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ രണ്ട് വിഭാഗവും കുറ്റക്കാരാണെന്ന് സ്കൂള്‍ ചെയര്‍മാന്‍ മഞ്ജിത് സിംഗ് പറഞ്ഞു. സ്കൂളിന്റെ ദയനീയ തോല്‍വിക്ക് കാരണം ഇവരുടെ ഇത്തരത്തിലുളള പെരുമാറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ