ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. മലയാളത്തിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..
— Narendra Modi (@narendramodi) September 11, 2019
രാഷ്ട്രപതി രാം നാഥ് കോവിന്ദും മലയാളത്തിലാണ് ഓണാശംസകൾ നേർന്നത്. എല്ലാവര്‍ക്കും പ്രത്യേകിച്ച് ഭാരതത്തിലും വിദേശത്തുമുള്ള മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു. മലയാളത്തിലാണ് ട്വീറ്റ്. വിളവെടുപ്പ് ഉത്സവമായ ഓണം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
എല്ലാപേർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.
— President of India (@rashtrapatibhvn) September 11, 2019
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും ഓണാശംസകൾ നേർന്നിരുന്നു.
Read Also: ‘ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ’; കുട്ടികള്‍ക്കൊപ്പം ആശാനും പാടി
നിങ്ങൾക്കോരോരുത്തർക്കും സന്തോഷകരമായ ഒരു ഓണം ഞാൻ ആശംസിക്കുന്നു.
ഈ ആഘോഷകാലം എല്ലാവർക്കും സന്തോഷം നൽകുന്നതാകട്ടെ. pic.twitter.com/56h16gWAS9— Rahul Gandhi – Wayanad (@RGWayanadOffice) September 10, 2019
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പ്രഹരത്തിനു മേല്‍ പ്രഹരമെന്ന പോലെ നാടിനെ ഇരു വട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്. ദുഃഖവും ദുരിതവും കുറച്ചു നേരത്തേക്ക് മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. എങ്ങും പൂവിളികള്‍ ഉയര്‍ന്നു തുടങ്ങി, പുതിയ കുപ്പായങ്ങളും സദ്യവട്ടങ്ങളും നിരന്നു തുടങ്ങി. മലയാളി തന്നാലാവും വിധം ഓണത്തെ സ്വീകരിക്കുകയാണ്.