PM Narendra Modi to Launch Largest Healthcare Scheme ‘Ayushman Bharat’: റാഞ്ചി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് (പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ-പിഎംജെഎവൈ) തുടക്കമായി. ജാർഖണ്ഡിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ജാർഖണ്ഡിലെ 10 വെൽനെസ് കേന്ദ്രങ്ങളും ചായ്ബസയിലെയും കൊടർമയിലെയും മെഡിക്കൽ കോളേജുകൾക്ക് തറക്കല്ലിടുകയും ചെയ്തു പ്രധാനമന്ത്രി.

”ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം യൂറോപ്യൻ യൂണിയന്റെ മുഴുവൻ ജനസംഖ്യയ്ക്ക് തുല്യമാണ്. ലോകത്തിൽ ഒരിടത്തും ഇതുപോലൊരു ആരോഗ്യ പദ്ധതി സർക്കാർ നടപ്പിലാക്കിയിട്ടില്ല. ക്യൂവിൽ അവസാനം നിൽക്കുന്ന ആൾക്കുപോലും ഈ പദ്ധതിയിലൂടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കും. 50 കോടിയിലധികം ജനങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ലോകത്തിൽതന്നെ ഇത്തരത്തിലൊരു പദ്ധതി ആദ്യമാണ്, നരേന്ദ്ര മോദി പറഞ്ഞു.

”പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ പദ്ധതിയെ ‘മോദികെയർ’ തുടങ്ങി പല പേരുകളിലാണ് ജനങ്ങൾ വിളിക്കുന്നത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവരെ സേവിക്കുന്നതിനുളള ഒരവസരമാണിത്. ആയുഷ്മാൻ ഭാരത് പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നു. ഈ പദ്ധതിയിലൂടെ ഭാവിയിൽ ഇന്ത്യയെ മെഡിക്കൽ ഹബ്ബാക്കി മാറ്റാൻ കഴിയും”, മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ദരിദ്രരായ 50 കോടി ജനങ്ങൾക്കു പ്രതിവർഷം 5 ലക്ഷം രൂപവീതം ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നതാണു ആയുഷ്മാൻ ഭാരത് പദ്ധതി. സ്വാതന്ത്ര്യ ദിനത്തില്‍ മോദി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണിത്. ഈ പദ്ധതിവഴി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടാം. 5 ലക്ഷം രൂപവരെയാണ് പരിരക്ഷ.

സ്റ്റെന്റ്, ബൈപാസ് സർജറി, മുട്ടുമാറ്റിവയ്ക്കൽ തുടങ്ങി ചെലവേറിയ ചികിൽസകൾ പദ്ധതിയുടെ ഭാഗമായി ലഭിക്കും. 2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. mera.pmjay.gov.in വെബ്സൈറ്റിൽ ഗുണഭോക്താക്കളുടെ പട്ടിക പരിശോധി‌ക്കാം. 14555 എന്ന ഹെൽ‌പ്‌ലൈൻ നമ്പർ വഴിയും വിവരം അറിയാം.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം, കേരളം, തെലങ്കാന, ഒഡീഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങ‌ൾ പദ്ധതിയിൽ ചേർന്നിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ