ലക്‌നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെവരെ സമാജ്‌വാദി പാർട്ടിയെ കുറ്റം പറഞ്ഞു നടന്നിരുന്നവരാണ് കോൺഗ്രസുകാർ. ഇന്ന് അവരുമായി സഖ്യം ചേർന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് മീററ്റിന്റേത്. 1857ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നാം പോരാടിയത്. ഇന്നു ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരെയാണ് നമ്മുടെ പോരാട്ടം. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പും ഒരു തരത്തിൽ അഴിമതിക്കെതിരായ പോരാട്ടമാണെന്നും മോദി പറഞ്ഞു.

ഉത്തർപ്രദേശിലെ ജനങ്ങളാണ് എന്നെ ഭരണം ഏൽപ്പിച്ചത്. അവരുടെ കടങ്ങളെല്ലാം ഉടൻതന്നെ വീട്ടും. ഇവിടുത്തെ ജനങ്ങൾക്കായി 4,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. അതിൽ 250 കോടി രൂപ പോലും വേണ്ടതുപോലെ വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിന് ആയില്ല. ഈ തുക 7,000 കോടിയായി ഉയർത്തിയിട്ടും അതിൽ 280 കോടി രൂപ പോലും വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ലെന്നും മോദി വിമർശിച്ചു.

2022 നകം രാജ്യത്തെ എല്ലാവർക്കും വീടെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതു പൂർത്തീകരിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ