ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. മൂന്നാം ഘട്ട ലോക്ക്ഡൗൺ മേയ് 17 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മമത കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. യാത്രാ ട്രെയിന്‍ സേവനം പുനരാരംഭിക്കുന്നതിനെതിരെയും മമത രംഗത്തെത്തി.

“ഞങ്ങള്‍ കേന്ദ്രവുമായി സഹകരിക്കുകയാണ്. എന്നാല്‍ എന്തിനാണ് നിങ്ങള്‍ രാഷ്്ട്രീയം കളിക്കുന്നത്. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിക്കുന്നതു. പക്ഷേ, എന്തിനാണ് കേന്ദ്രം പശ്ചിമ ബംഗാളിനെ ആക്രമിക്കുന്നത്,” മമത യോഗത്തില്‍ പറഞ്ഞു.

ലോക്ഡൗണ്‍ അവസാനിപ്പിക്കും മുമ്പും മറ്റു സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനുമുമ്പും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് മമത ആവശ്യപ്പെട്ടു.

Read Also: തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയതിന് പകരം സര്‍ക്കാരുകള്‍ ചെയ്യേണ്ടിയിരുന്നത് എന്താണ്‌?

പശ്ചിമ ബംഗാള്‍ കോവിഡ്-19 നിര്‍വ്യാപനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ പരിശോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ രണ്ടംഗ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചതുമുതല്‍ ബംഗാളും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടലിലാണ്.

സംസ്ഥാനം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ശ്രമിക് തീവണ്ടികള്‍ക്ക് അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മമതയ്ക്ക് കത്തെഴുതിയതിനെ തുടര്‍ന്ന് അടുത്തിടെ ഇരുവരും തമ്മില്‍ വാക്‌പോര് നടന്നിരുന്നു.

കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിമാരുമായുളള പ്രധാനമന്ത്രിയുടെ അഞ്ചാമത് വീഡിയോ കോൺഫറൻസ് ചർച്ചയാണ് ഇന്ന് നടന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുമായിരുന്നു ചർച്ച.

മെയ് 31 വരെ ട്രെയിന്‍ വിമാന സര്‍വീസുകള്‍ വേണ്ടെന്ന് പളനിസ്വാമി

മെയ് 31 വരെ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനി സ്വാമി കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. വിമാന സര്‍വീസുകളും ആരംഭിക്കരുതെന്ന് അദ്ദോഹം പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 7000 കടന്നത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്.

മെയ് 12-ന് ചെന്നൈയിലേക്ക് (ന്യൂഡല്‍ഹിയില്‍ നിന്നും) ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ചെന്നൈയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ മെയ് 31 വരെ എന്റെ സംസ്ഥാനത്തിലേക്ക് ട്രെയിന്‍ സര്‍വീസ് അനുവദിക്കരുത്, പളനിസ്വാമി മോദിയോട് പറഞ്ഞു.

Read Also: തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയതിന് പകരം സര്‍ക്കാരുകള്‍ ചെയ്യേണ്ടിയിരുന്നത് എന്താണ്‌?

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ആരോഗ്യ മന്ത്രി ഹർഷ വർധൻ അടക്കമുളളവർ ചർച്ചയിൽ പങ്കെടുത്തു. വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി (ആന്ധ്രപ്രദേശ്), അമരീന്ദർ സിങ് (പഞ്ചാബ്), നിതീഷ് കുമാർ (ബിഹാർ), യോഗി ആദിത്യനാഥ് (ഉത്തർ പ്രദേശ്) അടക്കമുളള മുഖ്യമന്ത്രിമാരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. കഴിഞ്ഞ തവണ തിരഞ്ഞെടുത്ത മുഖ്യമന്ത്രിമാർക്ക് മാത്രമാണ് സംസാരിക്കാൻ അവസരം കൊടുത്തത്. എന്നാൽ ഇത്തവണ എല്ലാ മുഖ്യമന്ത്രിമാർക്കും അവരവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിന് അവസരം ലഭിച്ചു.

കഴിഞ്ഞ ഏപ്രിൽ 27 ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചശേഷമാണ് മേയ് 17 വരെ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. അതേസമയം, ഗ്രീൻ, ഓറഞ്ച് സോണുകളിൽ ചില ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചു. മാർച്ച് 25നാണ് ആദ്യ ഘട്ട ലോക്ക്ഡൗൺ ആരംഭിച്ചത്. ആദ്യം രണ്ടാഴ്ചത്തേക്കും പിന്നീട് ഏപ്രിൽ 14 വരെ മൂന്നാഴ്ചത്തേക്കും ലോക്ക്ഡൗൺ തുടരുമെന്നായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാൽ രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമായതോടെ ലോക്ക്ഡൗൺ മേയ് മൂന്നു വരേക്കും തുടർന്ന് ഈമാസം 17 വരെയും രണ്ട് ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.

Read in English: PM Modi interacts with CMs on post-lockdown strategy, boosting economic activities

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook