ന്യൂഡൽഹി: ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളില്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ വ്യാപകമായി നടപ്പാക്കില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.
“ആർഎസ്എസ്സിന്റെ പ്രധാനമന്ത്രി ഭാരതാംബയോട് കള്ളം പറയുന്നു,” എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഹിന്ദിയിലാണ് രാഹുലിന്റെ ട്വീറ്റ്. ഞായറാഴ്ച ദില്ലിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ക്ലിപ്പും അസമിലെ ഒരു തടങ്കൽ കേന്ദ്രത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. #JhootJhootJhoot (നുണ, നുണ, നുണ) എന്ന ഹാഷ് ടാഗും ചേർത്താണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
RSS का प्रधानमंत्री भारत माता से झूठ बोलता हैं ।#JhootJhootJhoot pic.twitter.com/XLne46INzH
— Rahul Gandhi (@RahulGandhi) December 26, 2019
പൗരത്വ പട്ടികയിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Read More: നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? പൊതുമുതൽ നശിപ്പിച്ചവരോട് നരേന്ദ്ര മോദി
കോൺഗ്രസും നഗര നക്സലുകളും വിഷയത്തിൽ അഭ്യൂഹങ്ങൾ പരത്തുന്നുവെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. “കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും – ചില നഗര നക്സലുകൾ – എല്ലാ മുസ്ലീങ്ങളെയും തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്ന് അഭ്യൂഹങ്ങൾ പരത്തുന്നു… ആരും രാജ്യത്തെ മുസ്ലീങ്ങളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ല. മാത്രമല്ല ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളും ഇല്ല… ഇന്ത്യയിലെ മുസ്ലിങ്ങൾ വിഷമിക്കേണ്ട ഒരാവശ്യവും ഇല്ല. രാജ്യത്തെ മുസ്ലീങ്ങൾക്ക് സിഎബിയും എൻആർസിയും ബാധകമല്ല,” എന്നും ഞായറാഴ്ച രാംലീല മൈതാനത്ത് നടന്ന മെഗാ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
“എന്റെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, 2014 മുതൽ എൻആർസിയെക്കുറിച്ച് എവിടെയും ചർച്ച നടന്നിട്ടില്ലെന്ന് ഇന്ത്യയിലെ 130 കോടി പൗരന്മാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം മാത്രമാണ് ഈ അഭ്യാസം അസമിനായി നടത്തിയത്,” അദ്ദേഹം പറഞ്ഞു. 97 മിനിറ്റ് ദൈർഘ്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും എൻആർസിയെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും ഇതിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുമായിരുന്നു.