രാമേശ്വരം: ഇന്ത്യയുടെ അഭിമാനവും മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമ്മയ്ക്കായി പണി കഴിപ്പിച്ച കലാം സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അബ്ദുൾ കലാമിന്റെ ജന്മനാടായ രാമേശ്വരത്ത്, അദ്ദേഹത്തിന്റെ ശവകുടീരത്തോട് ചേർന്ന് പെയ് കറുമ്പിലാണ് സ്മാരകം പണിതീർത്തിരിക്കുന്നത്. ഇനി മുതല്‍ രാമേശ്വരത്ത് വരുന്നവര്‍ കലാം സ്മാരകവും സന്ദര്‍ശിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

2022ഓടെ കലാം സ്വപ്നം കണ്ട ഒരു വികസിത ഇന്ത്യയ്ക്കായി ജനങ്ങള്‍ ഒരുമിച്ച് നിന്ന് പരിശ്രമിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. “125 കോടി ജനങ്ങളില്‍ ഓരോരുത്തരും ഓരോ ചുവട് മുന്നോട്ട് വെച്ചാല്‍ അത് 125 കോടി ചുവടുകളാകും. കലാം സ്മാരകം അദ്ദേഹത്തിന്റെ ജീവിതത്തെയും കർമമേഖലയിലെ സുപ്രധാന സംഭവങ്ങളെയും അനശ്വരമാക്കുന്നു. രാമേശ്വരത്ത് വരുന്ന യുവാക്കളും തീര്‍ത്ഥാടകരും കലാം സ്മാരകം തീര്‍ച്ചായും സന്ദര്‍ശിക്കണം. ജീവിതത്തിലുടനീളം എളിമയും രാമേശ്വരത്തിന്റെ ആഴവും സമാധാനവും സൂക്ഷിച്ച വ്യക്തിയായിരുന്നു കലാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്മാരകത്തിന്റെ നിര്‍മ്മാണം നടത്തിയ ജോലിക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദിവസേന രണ്ട് മണിക്കൂറിലധികം കൂടുതല്‍ സമയം ജോലി ചെയ്തതിന്റെ കൂലി പോലും ജോലിക്കാര്‍ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ജോലി ചെയ്യുന്നവര്‍ ഒരു മണിക്കൂര്‍ വിശ്രമിച്ച് വീണ്ടും ജോലി ചെയ്തതതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കലാമിന്റെ സ്മരണയ്ക്ക് മുമ്പിലുളള ജോലിക്കാരുടെ അര്‍പ്പണമാണെന്ന് പറഞ്ഞ മോദി അവര്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. നിറഞ്ഞ കൈയടിയോടെയാണ് നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരെ സദസ് ആദരിച്ചത്. കലാമിന്റെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി സന്ദർശിച്ചു. കലാമിന്റെ സഹോദരൻ എ.പി.ജെ. എം. മരൈകയാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിലാണ് അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി സ്മാരകം പണികഴിപ്പിച്ചത്. തമിഴ്നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപരാഷ്ട്രപതി സ്ഥാനാർത്ഥി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പൊൻ രാധാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ