ന്യൂഡൽഹി: ഹിന്ദു സംസ്കാരത്തെ ‘ഹൈന്ദവ ഭീകരവാദം’ എന്ന് വിളിച്ചവര്‍ക്കുള്ള മറുപടിയാണ് മാലെഗാവ് സ്ഫോടന കേസ് പ്രതി സാധ്വി പ്രഗ്യാ സിങ്ങിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വസുധൈവ കുടുംബകം’ എന്ന ആശയം 5,000 വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്ന ഹിന്ദു സംസ്കാരത്തെ കോണ്‍ഗ്രസ് ഭീകരവാദമെന്ന് മുദ്രകുത്തി. ഇതിനുള്ള മറുപടിയാണ് സാധ്വിയുടെ ഭോപ്പാലില്‍ നിന്നുള്ള സ്ഥാനാര്‍ഥിത്വം. കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടി വരുമെന്നും മോദി ‘ടൈംസ് നൗവി’ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Read More: സാധ്വിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജി
ഹേമന്ത് കല്ക്കറെയ്ക്കെതിരെ സാധ്വി നടത്തിയ പരാമര്‍ശം വിവാദമായതിനു തൊട്ടുപിന്നാലെയാണ് മാലെഗാവ് സ്ഫോടന കേസ് പ്രതിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്.
സിഖ് വിരുദ്ധ കലാപം ചൂണ്ടിക്കാണിച്ച് മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. 1984 ല്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖ് വിരുദ്ധ കലാപമുണ്ടായി. പതിനായിരത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടു. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധി പറഞ്ഞത് വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നാണ്. സിഖ് വിരുദ്ധ കലാപം ഭീകരവാദമല്ലേ എന്ന് മോദി ചോദിച്ചു. സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ച രാജീവ് ഗാന്ധിയാണ് പിന്നീട് പ്രധാനമന്ത്രിയായത്. എന്നാല്‍, അത് ആരും ചോദ്യം ചെയ്തില്ല. മാധ്യമങ്ങള്‍ അത് ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.
Read More: മോദിജീ, ഗോധ്രയില്‍ ചെയ്തത് പാക്കിസ്ഥാനിലും ആവര്‍ത്തിക്കൂ, ലോകം നിങ്ങളെ നമിക്കും: സാധ്വി പ്രാചി
“സിഖ് വിരുദ്ധ കലാപത്തില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് എംപിമാരായി, മന്ത്രിമാരായി. ഇപ്പോള്‍ ഒരാള്‍ മധ്യപ്രദേശിലെ മുഖ്യമന്ത്രിയായിരിക്കുന്നു.”- കമല്‍നാഥിനെ ലക്ഷ്യംവച്ച് മോദി പറഞ്ഞു.
അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജാമ്യത്തിലാണ്. ഇത് ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി ജാമ്യത്തിലിറങ്ങിയതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വലിയ വാര്‍ത്തയാണ്. ഒരു സ്ത്രീയായ സാധ്വി ഏറെ പീഡിപ്പിക്കപ്പെട്ടിട്ടും ആരും അതിനെതിരെ ചോദ്യമുയര്ത്തിയില്ലെന്ന് മോദി കൂട്ടിച്ചേര്‍ത്തു.