ന്യൂഡല്‍ഹി: ട്വിറ്ററിലെ പ്രൊഫൈല്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും. പേരിന് മുന്‍പ് ‘ചൗക്കിദാര്‍’ എന്ന് കൂട്ടിച്ചേര്‍ത്താണ് പുതിയ മാറ്റം. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ പേര് മാറ്റം നടന്നത്.

‘കാവല്‍ക്കാരന്‍’ എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്കാണ് ‘ചൗക്കിദാര്‍’. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രയോഗത്തിലൂടെ മോദിയെ കടന്നാക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുകയാണ് പുതിയ നീക്കത്തിലൂടെ.

ബിജെപിയുടെ ‘#MainBhiChowkidar’ ക്യാംപെയിന്റെ ഭാഗമായാണ് ഈ പേര് മാറ്റം. മോദിക്കും അമിത് ഷായ്ക്കും പിന്നാലെ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഇത് ഏറ്റെടുത്തു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, സുരേഷ് പ്രഭു, പിയൂഷ് ഗോയല്‍ എന്നിവരും പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളും അനുയായികളും ഇപ്പോള്‍ പേര് മാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രചാരണത്തിന്റെ ഭാഗമായി ഒരു പാട്ടും വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് മോദി. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും ചൗക്കീദാർമാരാണ് എന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്. ട്വിറ്ററിൽ മാത്രമാണ് പേര് മാറ്റം. ഫെയ്സ്ബുക്കിൽ പേരുകൾക്ക് മാറ്റം വരുത്തിയിട്ടില്ല.

രാജ്യത്തെ സേവിക്കാന്‍ നിങ്ങളുടെ ചൗക്കിദാര്‍ ഉറച്ച് നില്‍ക്കുന്നു. താന്‍ ഒറ്റയ്ക്കല്ല. അഴിമതിക്കെതിരെ പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിന് വേണ്ടി പ്രയത്‌നിക്കുന്ന എല്ലാവരും ചൗക്കിദാര്‍ ആണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

റഫാൽ ഇടപാടിലും നീരവ് മോദി, വിജയ് മല്യ തുടങ്ങിയ പ്രമുഖർ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. അഴിമതിക്ക് കൂട്ടുനിൽക്കുന്ന മോദി കാവൽക്കാരനല്ല, കള്ളനാണെന്നാണ് രാഹുൽ വിമർശിക്കുന്നത്. ഇതിനായി രാഹുൽ പൊതുവേദികളിൽ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ചൗക്കിദാര്‍ ചോര്‍ ഹേ’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook