ന്യൂഡൽഹി: നൂറ് കോടി ഡോസ് വാക്സിനേഷനിലൂടെ രാജ്യം പുതുചരിത്രംകുറിച്ചെന്ന് പ്രധാനമന്ത്രി. നൂറ് കോടി എന്നത് ഒരു സംഖ്യ മാത്രമല്ല നവഭാരതത്തിന്റെ കരുത്തിന്റെ പ്രതിഫലനം കൂടിയാണെന്നും വിമർശകരെ നിശബ്ദരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
“100 കോടി വാക്സിനുകൾ ഒരു സംഖ്യയല്ല. ഇത് ഈ രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്, ഇത് രാജ്യത്തിന്റെ പുതിയ അധ്യായമാണ്, വലിയ ലക്ഷ്യങ്ങൾ എങ്ങനെ നേടാമെന്ന് അറിയാവുന്ന രാജ്യമാണിത്,”പ്രധാനമന്ത്രി പറഞ്ഞു
രാജ്യത്തെ ഓരോ പൗരന്റെയും നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് മഹാമാരിയെ അതിജീവിക്കാൻ കഴിയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത് മോദി കൂട്ടിച്ചേർത്തു. പല ലോകരാജ്യങ്ങളിലും ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ വിമൂഖത കാണിക്കുമ്പോൾ ഇന്ത്യയുടെ നേട്ടം പ്രത്യേകത നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിനേഷനിൽ യാതൊരു വിവേചനവും കാണിച്ചില്ല. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ നൽകാനായി. വിഐപി സംസ്കാരമെല്ലാം മാറ്റി നിർത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ നേട്ടം ലോകം മുഴുവൻ അഭിനന്ദിക്കുകയാണ്. കോവിൻ പ്ലാറ്റ്ഫോം ലോക ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയെ ഫാമാ ഹബ്ബായി പരിഗണിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വിളക്കു കത്തിക്കാൻ പറഞ്ഞപ്പോൾ പുച്ഛിച്ചു. എന്നാൽ അത് രാജ്യത്തിന്റെ ഒത്തൊരുമയാണ് പ്രകടമാക്കിയത് എന്നും പ്രധാനമന്ത്രി പറഞ്ഞു. നൂറ് കോടി വാക്സിനേഷൻ പൂർത്തിയാക്കിയെങ്കിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സിൻ സ്വീകരിക്കാൻ ഉള്ളവർ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വാക്സിനേഷനിൽ ചരിത്രനേട്ടവുമായി ഇന്ത്യ; നൂറ് കോടി ഡോസ് പിന്നിട്ടു