ഖോരക്പൂര്‍: ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. എന്തു സംഭവമുണ്ടായാലും സോഷ്യല്‍മീഡിയയില്‍ ഉടന്‍ പ്രതികരിക്കുകയും ദുരന്തങ്ങളില്‍ അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മാത്രം മൗനം പാലിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

സംഭവം നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായും ആണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. എന്നാല്‍ കൂട്ടമരണം ഉണ്ടായിട്ടും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്തതു വിവാദമായി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ദുരന്തം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രം യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങും ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.

മുഖ്യമന്ത്രി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും ഇന്നലെയാണ് സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കുട്ടികളുടെ ഐസിയുവിലടക്കം കയറിയാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് കുട്ടികള്‍ കൂടി ആശുപത്രിയില്‍ മരിച്ചിരുന്നു.

ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ആറുദിവസത്തിനിടെ ശ്വാസംകിട്ടാതെ ആശുപത്രിയില്‍ പിടഞ്ഞുമരിച്ചത് 67 കുഞ്ഞുങ്ങളാണ്. ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ആരും മരിച്ചിട്ടില്ലെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍. ആശുപത്രിയില്‍ കേന്ദ്ര സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും വാദം.

അതിനിടെ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തു. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള ഓക്സിജന്‍ സിലിന്‍ഡറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം പണം കൊണ്ട് സിലിന്‍ഡറുകള്‍ വാങ്ങിയ കഫീല്‍ മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതിന് പിന്നാലെയാണ് കഫീലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ