വത്തിക്കാന്‍ സിറ്റി: റോമന്‍ കത്തോലിക്കാ സഭകളിലെ വൈദികര്‍ നടത്തുന്ന ശിശു ലൈംഗിക പീഡനങ്ങളെ വേണ്ട രീതിയില്‍ നേരിടുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടക്കുന്ന ശിശി ലൈംഗിക പീഡന നിരോധന ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശിശു ലൈംഗിക പീഡനം മനുഷ്യ ബലിയ്ക്ക് സമാനമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഓരോ ആരോപണങ്ങളും ഏറ്റവും ഗൗരത്തോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മാര്‍പാപ്പ പറഞ്ഞു. പുരോഹിതര്‍ക്കെതിര ഉയര്‍ന്നു വരുന്ന ലൈംഗിക ആരോപണങ്ങളെ എങ്ങനെ നേരിടണമെന്നതിന് ബിഷപ്പുമാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ആരോപണങ്ങള്‍ മൂടിവയ്ക്കുന്ന നടപടി അവസാനിപ്പിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.

‘ലോകത്താകമാനമുള്ള അമാനുഷികത സഭയില്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം. കാരണം സഭയുടെ ധാര്‍മ്മിക അധികാരവും ധാര്‍മ്മിക വിശ്വാസവും അതിന് എതിരാണ്,’ മാര്‍പാപ്പ പറഞ്ഞു.

‘ആത്മാക്കളെ മോക്ഷത്തിലേക്ക് നയിക്കാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ആള്‍ തന്നെ മാനുഷിക ദൗര്‍ബല്യത്തിന് കീഴടങ്ങുക വഴി സാത്താന്‍ ഉപകരണമാകാന്‍ സ്വയം അനുവദിക്കുകയാണ്. നിഷ്‌കളങ്കരായ കുട്ടികളെ പോലും വെറുതെ വിടാത്ത സാത്താന്റെ കൈകളാണ് ഇത്തരം ചൂഷണങ്ങളില്‍ നാം കാണുന്നത്,’ മാര്‍പാപ്പ വ്യക്തമാക്കി.

ഇനി മുതല്‍ ഇരകള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്നും കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുന്ന പ്രവണത അവസാനിപ്പിച്ച് തെറ്റു ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ശിശു ലൈംഗിക പീഡനം ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടെന്നും എല്ലാ തരം സംസ്‌കാരങ്ങളിലും സമൂഹങ്ങളിലും ഇതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook