ന്യൂഡൽഹി: കരുതൽ തടങ്കൽ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമെന്ന് സുപ്രീം കോടതി. സമൂഹത്തിന് സംരക്ഷണം നൽകുന്നതിനാണ് കരുതൽ തടങ്കൽ നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ഒരാൾ എന്തെങ്കിലും ചെയ്തതിന്റെ പേരിൽ അയാളെ ശിക്ഷിക്കുകയല്ല ലക്ഷ്യം. അയാൾ അത് ചെയ്യുന്നതിന് മുൻപ് പിടികൂടുകയും തടയുകയുമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2021 നവംബർ 12 ന് ത്രിപുര സർക്കാർ പാസാക്കിയ കരുതൽ തടങ്കൽ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള തന്റെ ഹർജി തള്ളിയ 2022 ജൂൺ 1 ലെ ത്രിപുര ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് തടങ്കലിൽ കഴിയുന്ന സുശാന്ത കുമാർ ബാനിക് സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി.
കരുതൽ തടങ്കൽ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്, ഏതെങ്കിലും കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് കുറ്റം തെളിയിക്കുന്നതിനോ വിചാരണവേളയിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനോ ഉള്ള അവസരം ആ വ്യക്തിക്ക് മുൻകരുതലായി ലഭിക്കുന്നില്ല. തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവിന്റെ തീയതിയും തടങ്കലിൽ വച്ചയാളുടെ യഥാർത്ഥ അറസ്റ്റും തമ്മിൽ അകാരണമായ കാലതാമസം ഉണ്ടാവുന്നത് തടങ്കലിൽ വയ്ക്കുന്ന അധികാരിയുടെ ആത്മാർത്ഥതയെക്കുറിച്ച് ഗണ്യമായ സംശയം ഉളവാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.