ആലപ്പുഴ: സ്ഥാനമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദം. ആലപ്പുഴയിൽ രാഷ്ട്രപതിക്ക് സ്വീകരണം നൽകിയ ചടങ്ങിൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇവിടെ ഏറ്റവും പുറകിലായാണ് സ്ഥാനം ലഭിച്ചത്. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടക്കം രാഷ്ട്രപതിയെ സ്വീകരിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അവസരം ലഭിച്ചത്.

പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവിന് ഏറ്റവും മുന്നിലാണ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഏറ്റവും പിന്നിലായി സ്ഥാനം അനുവദിച്ചതോടെ പ്രതിപക്ഷ നേതാവും അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തകരും രോഷാകുലരാവുകയായിരുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഇതേക്കുറിച്ച് പരാതി നൽകുമെന്ന് പിന്നീട് രമേശ് ചെന്നിത്തല വ്യക്തമാക്കി. അമൃതാനന്ദ മയിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട അമൃതപുരിയിൽ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ