/indian-express-malayalam/media/media_files/2025/05/09/iz5XDCNw6tOWHCOJQsYO.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: വംശീയ സംഘർഷങ്ങളെത്തുടർന്ന് മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചു. ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉത്തരവ് റദ്ദാക്കിയത്. ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനുള്ള വഴി തെളിഞ്ഞു. ബിജെപി നേതാവ് യുമ്നം ഖേംചന്ദ് സിങ് മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ ചേർന്ന ബിജെപി എംഎൽഎമാരുടെയും എൻഡിഎ നേതാക്കളുടെയും യോഗത്തിൽ ഖേംചന്ദ് സിങിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗാണ് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് വിവരം.
Also Read: ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു
2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷങ്ങളെത്തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ വർഷം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 'ഭരണഘടനയുടെ ആർട്ടിക്കിൾ 356 ക്ലോസ് (2) പ്രകാരം, മണിപ്പൂരിൽ 2025 ഫെബ്രുവരി 13-ന് പുറപ്പെടുവിച്ച പ്രഖ്യാപനം, ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു എന്ന ഞാൻ ഇതിനാൽ റദ്ദാക്കുന്നതായി,' രാഷ്ട്രപതി ഉത്തരവിൽ വ്യക്തമാക്കി.
Also Read: മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി; അന്വേഷണത്തിന് ഉത്തരവ്
മെയ്തി, കുക്കി സമുദായങ്ങൾക്കിടയിൽ മാസങ്ങളോളം നീണ്ടുനിന്ന വംശീയ കലാപത്തെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി എൻ. ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെയായിരുന്നു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ കേന്ദ്ര ഭരണം അവസാനിപ്പിച്ച് ജനകീയ സർക്കാർ അധികാരമേൽക്കുന്നത്.
സംസ്ഥാനത്തെ വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഖേംചന്ദ് സിങിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് മുന്നിലുള്ളത്. വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് സൂചന.
Read More: വോട്ടർ പട്ടിക പരിഷ്കരണം: വാദിക്കാൻ സുപ്രീം കോടതിയിൽ നേരിട്ടെത്തി മമത ബാനർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us