മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഉത്തരവായെങ്കിലും സർക്കാർ രൂപീകരണ സാധ്യതകർ തേടി വിവിധ രാഷ്ട്രിയ പാർട്ടികളുടെ നീക്കം അണിയറയിൽ തുടരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷികളായ ബിജെപിയും ശിവസേനയുമാണ് സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ തുടരുന്നത്. എൻസിപിയുടെയും കോൺഗ്രസിന്റെയും തീരുമാനം നിർണായകമാകും.

പൊതുമിനിമം പാരിപാടി വേണമെന്ന കോൺഗ്രസിന്റെയും എൻസിപിയുടെയും ആവശ്യം അംഗീകരിച്ച് സർക്കാരുണ്ടാക്കാനാണ് ശിവസേന നീക്കം. നേരത്തെ എൻസിപി ആവശ്യപ്പെട്ടതനുസരിച്ച് ബിജെപി എൻഡിഎ സഖ്യം ഉപേക്ഷിക്കുകയും കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബിജെപിയും വ്യക്തമാക്കി.

ഇന്നലെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ മഹാരാഷ്ട്ര നിയമസഭ മരവിപ്പിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.

ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി നല്‍കിയ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിക്കു കൈമാറുകയായിരുന്നു. അതിനു പിന്നാലെയാണ് രാഷ്ട്രപതി ശുപാര്‍ശയില്‍ ഒപ്പുവച്ചത്. ഭരണഘടനയുടെ 356-ാം അനുച്ഛേദ പ്രകാരമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ നല്‍കിയത്.

നേരത്തെ ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ അധികം സമയം അനുവദിച്ചില്ല എന്നാണ് ശിവസേനയുടെ ആരോപണം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ കത്ത് ലഭിക്കാന്‍ മൂന്നു ദിവസത്തെ സമയം വേണമെന്നാണ് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് സേന സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook