ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നുളള ഏക അംഗമായ ഒ.രാജഗോപാലിനു പുറമേ അഞ്ചു വോട്ടുകൾ കൂടി ലഭിക്കാൻ ബിജെപി ശ്രമം നടത്തുന്നതായി വിവരം. ഇതിനായി ചെറിയ പാർട്ടികളുമായും കേരള കോൺഗ്രസ് (എം) നേതാക്കളുമായും ബിജെപി വൃത്തങ്ങൾ നിരന്തരം ബന്ധപ്പെടുന്നതായും പാർട്ടിയോട് അടുത്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ചില സംസ്ഥാനങ്ങളിൽ അത്ഭുതങ്ങൾ   പ്രതീക്ഷിക്കുന്നുവെന്നും അതിൽ ഒന്ന് കേരളമാണെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു.

യുഡിഎഫുമായുളള 34 വർഷത്തെ മുന്നണി ബന്ധം 2016 ൽ കെ.എം.മാണിയുടെ നേതൃത്വത്തിലുളള കേരള കോൺഗ്രസ് (എം) അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ നിയമസഭയിൽ പ്രത്യേക ബ്ലോക്കാണ് കേരള കോൺഗ്രസിനുളളത്. നിലവിൽ ആറു എംഎൽഎമാരും ലോക്‌സഭയിലും രാജ്യസഭയിലും ഓരോ എംപിമാരും കേരള കോൺഗ്രസിനുണ്ട്. എന്നാൽ കേരള കോൺഗ്രസ് എംഎൽഎമാർ കോവിന്ദിനെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ട് കെ.എം.മാണി നിഷേധിച്ചു. ”എന്റെ അറിവില്ലാതെ പാർട്ടിയിൽ ഒന്നും നടക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ പാർട്ടി മീരാ കുമാറിനായിരിക്കും വോട്ട് ചെയ്യുകയെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചതാണ്. ആശയക്കുഴപ്പം ഉണ്ടാക്കാൻ ആരോ പടച്ചുവിട്ട കഥയാണിതെന്നും” മാണി പറഞ്ഞു.

എന്നാൽ ജൂലൈ 20 ന് വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ അതിശയിപ്പിക്കുന്ന ചില വാർത്തകൾ കേരളത്തിൽനിന്നും ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. അടുത്തിടെ നിരവധി കേന്ദ്ര ബിജെപി നേതാക്കൾ കേരളം സന്ദർശിച്ചിരുന്നു. കേന്ദ്ര മന്ത്രി ഹൻസ്‌രാജ് അഹിർ കഴിഞ്ഞ ആഴ്ച കേരളത്തിൽ വന്നിരുന്നു. ബിജെപി ജനറൽ സെക്രട്ടറി രാം മാധവും ഉടൻ കേരളത്തിലെത്തിയേക്കും.

പാർട്ടിക്ക് ഉറപ്പുളള സംസ്ഥാനങ്ങൾക്കു പുറമേ മറ്റു ചില സംസ്ഥാനങ്ങളിൽനിന്നും കൂടി കോവിന്ദിന് വോട്ട് ലഭിക്കാനുളള പ്രവർത്തനത്തിലാണെന്ന് ബിജെപി നേതാവ് പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ക്യാംപിൽനിന്നും ബിജെപിക്ക് വോട്ട് കിട്ടുമെന്ന് പാർട്ടിക്ക് ഉറപ്പായി കഴിഞ്ഞു. സിപിഎം ഭരിക്കുന്ന ത്രിപുരയിൽ തൃണമൂൽ കോൺഗ്രസിന്റെ ആറു വിമത എംഎൽഎമാരും രണ്ടു കോൺഗ്രസ് അംഗങ്ങളും കോവിന്ദിന് വോട്ട് ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ജൂലൈ 17 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാംനാഥ് കോവിന്ദാണ് എഎൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. മീരാ കുമാറാണ് പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ