പാറ്റ്ന: രാഷ്ട്രപതി തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് നീങ്ങിയിരിക്കേ, പ്രതിപക്ഷത്തോടൊപ്പം നിൽക്കാതിരുന്ന നിതീഷ് കുമാറിനെതിരെ ആർജെഡി നേതാവ്. രാഷ്ട്രീയ ജനതാ ദൾ നേതാവ് ഭായി വീരേന്ദ്രയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ചതിയനെന്ന് വിശേഷിപ്പിച്ചത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചത് വഴി വലിയ തെറ്റാണ് ബീഹാർ മുഖ്യമന്ത്രിയായ ജനതാദൾ യുണൈറ്റഡ് നേതാവ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എഎൻഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ രൂക്ഷമായ ഭാഷയിലാണ് നിതീഷ് കുമാറിനെ ആർജെഡി നേതാവ് വിമർശിച്ചത്. “ഓരോ വ്യക്തിയെയും ചതിച്ച ആളാണ് നിതീഷ് കുമാർ. ജനങ്ങളെ എപ്പോഴും വിഡ്ഢികളാക്കുന്ന മനുഷ്യനാണ് അദ്ദേഹം” എന്നും ഭായി വീരേന്ദ്ര വിമർശിച്ചു.

“ബീഹാറിലെ ജനങ്ങൾ ഒരിക്കലും നിതീഷിന് ഒപ്പം നിൽക്കില്ല. ബീഹാറിന്റെ പുത്രിയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. നിതീഷിന് ഈ കാര്യത്തിൽ കാത്തിരുന്ന് തീരുമാനം എടുക്കാമായിരുന്നു. അദ്ദേഹം വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. അതിന്റെ വില അദ്ദേഹം നൽകേണ്ടി വരും.” ഭായി വീരേന്ദ്ര പറഞ്ഞു.

ബീഹാറിന്റെ പുത്രി മീരാ കുമാർ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് തോൽക്കാൻ വേണ്ടിയാണെന്ന് ഇന്നലെ ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ പറഞ്ഞിരുന്നു.പാട്നയില്‍ ആര്‍ജെഡി നേതാക്കളും ജെഡിയു നേതാക്കളും പങ്കെടുത്ത ഇഫ്താര്‍ വിരുന്നിനുശേഷമായിരുന്നു നിതീഷിന്‍റെ പ്രസ്താവന.

പ്രതിപക്ഷം പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തിറങ്ങിയത് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആയിരുന്നു. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിനെ ബിജെപി രംഗത്തിറക്കിയതോടെയാണ് നിതീഷ് കളം മാറ്റിചവിട്ടിയത്.

ബീഹാറുകാരിയായ മീരാ കുമാറിനെ രംഗത്തിറക്കുന്നതോടെ നിതീഷിനെ ഒപ്പം നിര്‍ത്താമെന്ന പ്രതിപക്ഷത്തിന്‍റെ നേരിയ പ്രതീക്ഷയും തള്ളികളഞ്ഞാണ് നിതീഷ് ഒടുവില്‍ പ്രതികരിച്ചത്. എന്‍ഡിഎയുടെ ഭാഗമായിരുന്നപ്പോഴും തങ്ങള്‍ സ്വതന്ത്രമായി തീരുമാനമെടുത്തിട്ടുണ്ടെന്നായിരുന്നു നിതീഷിന്‍റെ വിശദീകരണം.

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്രയ്ക്കാണ് പത്രിക നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, തമിഴ്നാട് മുഖ്യമന്ത്രി ഇകെ പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങീ നേതാക്കളുടെ വലിയ ഒരു നിര തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി രാംനാഥ് കോവിന്ദിനൊപ്പം സന്നിഹിതരായിരുന്നു.

Read More : ‘ബിഹാറിന്‍റെ പുത്രിയെ തോല്‍ക്കാനാണ് നിര്‍ത്തിയിരിക്കുന്നത്’; മീരാകുമാറിനെ പിന്തുണയ്ക്കില്ലെന്ന് നിതീഷ് കുമാർ

രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനം മണ്ടത്തരമാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നും പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്നും നിതീഷ് കുമാറിനോട് അഭ്യർഥിക്കുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയിരുന്നു. ബിഹാര്‍ സഖ്യകക്ഷികളാണ് നിതീഷ് കുമാറിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും.

നിലവിലെ കണക്കുകൾ പ്രകാരം രാംനാഥ് കോവിന്ദിന് വിജയം സുനിശ്ചിതമാണ്. കണക്കുകള്‍ പ്രകാരം ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി ആകെ വോട്ടുകളുടെ 48.9 ശതമാനം കൈയിലുണ്ട്. ഇത് കൂടാതെ 13 ശതമാനം വോട്ടാണ് എന്‍ഡിഎ ഇതരകക്ഷികളുടെ പിന്തുണയോടെ രാംനാഥ് കോവിന്ദ് ഉറപ്പിച്ചിരിക്കുന്നത്. എന്‍ഡിഎയ്ക്ക് പുറത്തുള്ള ജെഡി(യു), എഐഎഡിഎംകെ, ബിജെഡി,ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി എന്നീ കക്ഷികളുടെ പിന്തുണയാണ് ഇപ്പോള്‍ കോവിന്ദിന് ലഭിച്ചിരിക്കുന്നത്.

മൂന്നായി പിരിഞ്ഞിരിക്കുന്ന എഐഎഡിഎംകെയുടേയും നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റേയും പിന്തുണ നേടിയെടുക്കാന്‍ സാധിച്ചതാണ് ഇതില്‍ പ്രധാനം. എഐഎഡിഎംകെയുടെ മൊത്തം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കൂടി 5.39 ശതമാനം വോട്ട് വിഹിതമാണുള്ളത്.

ജെഡിയു – 1.91, ബിജെഡി- 2.99, ടിആര്‍എസ് -2, വൈഎസ്ആര്‍ – 1.53, ഐഎന്‍എല്‍ഡി-0.38 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ വോട്ട് വിഹിതം. ഇതോടൊപ്പം എന്‍ഡിഎയില്‍ അംഗമായിട്ടും കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്ക് വോട്ട് ചെയ്ത ശിവസേന ഇക്കുറി കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതും എന്‍ഡിഎ ക്യാംപിന് ഗുണകരമായി.

Read More :രാഷ്ട്രപതി തിരഞ്ഞെടുപ്പ് : രാംനാഥ് കോവിന്ദ് എന്‍ഡിഎ സഖ്യകക്ഷികളെ കണ്ടേക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook