ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനായി പാര്‍ലമെന്റ് അംഗങ്ങളും നിയമസഭ അംഗങ്ങളും ഇന്ന് വോട്ട് രേഖപ്പെടുത്തും. പോളിങ്ങിനായുള്ള ഒരുക്കങ്ങള്‍ പാര്‍ലമെൻറിന്റെ ഇരു സഭകളിലും സംസ്ഥാന നിയമസഭകളിലും ഞായറാഴ്ചയോടെ പൂർത്തിയായി. ഈ മാസം 20നാണ് വോട്ടെണ്ണൽ. പാർലമന്റിന്റെ 62-ാം നമ്പർ മുറിയിലാണ് എംപിമാരുടെ വോട്ടിങ് നടക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായ മീരാ കുമാറും തമ്മിലാണ് മത്സരം.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും ഒരുക്കിയ ബൂത്തുകളില്‍ ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തുക. പാര്‍ലമെന്റില്‍ ലോക്സഭ, രാജ്യസഭ സെക്രട്ടറിമാരും സംസ്ഥാനങ്ങളില്‍ നിയമസഭ സെക്രട്ടറിമാരുമാകും വോട്ടെടുപ്പ് നിയന്ത്രിക്കുക. 543 ലോക്സഭ അംഗങ്ങളും 233 രാജ്യഭ അംഗങ്ങളും 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടെ 4896 പേരാണ് വോട്ടര്‍മാര്‍. ഇവരുടെ വോട്ടിന്റെ ആകെ മൂല്യം 1098903. 50 ശതമാനത്തിന് മുകളില്‍ വോട്ടിന്റെ മൂല്യം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടും.
നിലവിലുള്ള പിന്തുണ പരിഗണിക്കുന്പോൾ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ആകെ വോട്ടിന്റെ 60 ശതമാനത്തിന് മുകളില്‍ വോട്ടുമൂല്യം നേടി ജയിക്കുമെന്നാണ് കരുതുന്നത്. എൻഡിഎ ഘടകകക്ഷികൾക്കു പുറമേ ജനതാദൾ-യു, തെലങ്കാന രാഷ്ട്രീയ സമിതി, എഐഎഡിഎംകെയുടെ ഇരുവിഭാഗം, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയവ കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, സിപിഐഎം, ആർജെഡി, സമാജ്വാദി പാർട്ടി, ബിഎസ്പി, ആം ആദ്മി പാർട്ടി തുടങ്ങി 17 പാർട്ടികളുടെ പിന്തുണയാണ് മീര കുമാറിനുള്ളത്.