scorecardresearch

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 99 ശതമാനം പോളിങ്, കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ 100 ശതമാനം; വോട്ടെണ്ണല്‍ 21ന്

60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്

Narendra Modi, Pinarayi Vijayan

ന്യൂഡല്‍ഹി: പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 99 ശതമാനം പോളിങ്. 771 എംപിമാരും 4,025 എംഎല്‍എമാരും ഉള്‍പ്പെടെ യോഗ്യരായ 4,796 വോട്ടര്‍മാരില്‍ 99 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു. 21നാണു വോട്ടെണ്ണല്‍.

പാര്‍ലമെന്റ് ഹൗസും സംസ്ഥാന നിയമസഭകളും ഉള്‍പ്പെടെ 31 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. പാര്‍ലമെന്റ് ഹൗസില്‍ 98.90 ശതമാനം പോളിങ് രേഖപ്പെടുത്തി. പാര്‍ലമെന്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയ 727 എംപിമാരും ഒമ്പത് എംഎല്‍എമാരും അടങ്ങുന്ന 736 പേര്‍ക്കാണു പാര്‍ലമെന്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. ഇവരില്‍ 728 പേര്‍ക്ക് (719 എംപിമാരും ഒമ്പത് എംഎല്‍എമാരും) വോട്ട് ചെയ്തു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, സിക്കിം് എന്നീ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 100 ശതമാനം വോട്ട് രേഖപ്പെടുത്തി.

രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 15ന് അവസാനിച്ചതോടെയാണു പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടപ്പ് നടന്നത്. 25നു പുതിയ രാഷ്ട്രപതി അധികാരമേല്‍ക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തികളിലുമാണ് വോട്ടിങ് നടന്നത്. എംപി മാർക്ക് പച്ചയും എം.എൽ.എ മാർക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നൽകിയത്.

60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്. 38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുള്ള യശ്വന്ത് സിൻഹയും മികച്ച മത്സരം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ് വോട്ടെടുപ്പ് നേരിടുന്നത്. ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബി ജെ പി നേതാവുമായ ദ്രൗപദി മുർമുവിന്റെ സ്ഥാനാർത്ഥിത്വം എൻ ഡി എ തീരുമാനിച്ചത് പോലും വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമായിരുന്നു. ആദ്യം അമ്പത് ശതമാനത്തിൽ അധികം വോട്ട് മുർമുവിന് പ്രതീക്ഷിച്ചിരുന്നു. പിന്നീട് ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ കൂടി മുർമുവിന് പിന്തുണ അറിയിച്ചതോടെ ഇത്‌ അറുപത് ശതമാനത്തിന് മുകളിലെത്തി.

മറുവശത്ത് പൊതു സമ്മതൻ എന്ന നിലയിലാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന സിൻഹയ്ക്ക്. നാൽപതു ലക്ഷത്തിനടുത്ത് വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഇതിൽ കുറവുണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചത് ആശ്വാസമായിട്ടുണ്ട്.

യു പി സേവാപുരിയിലെ അപ്നാ ദൾ എം എൽ എ നീൽ രത്തൻ സിങ്ങും തമിഴ്നാട് തിരുന്നൽവേലി എം പി എസ് ജ്ഞാനതിരവിയവും കേരള നിയമസഭയിൽ വോട്ട് ചെയ്യും. കോവിഡ് ബാധിതനായ ഇദ്ദേഹം ഏറ്റവും അവസാനമായിരിക്കും വോട്ട് ചെയ്യുക. എം എൽ എ ആയുർവേദ ചികിത്സയ്ക്കായാണ് കേരളത്തിൽ എത്തിയത്. എംഎൽഎ മാർക്ക് മുൻകൂട്ടി അനുമതിയെടുത്ത് മറ്റു നിയമസഭകളിൽ വോട്ട് ചെയ്യാവുന്നതാണ്. കൂടാതെ, കർണാടകയിൽ ജെഡിഎസ് എംഎൽഎമാർ മുർമുവിനെ പിന്തുണയ്ക്കുമ്പോൾ കേരളത്തിലെ ജെഡിഎസ് എംഎൽഎമാരുടെ വോട്ട് സിൻഹയ്‌ക്കാണ്‌. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻ കുട്ടിയും യശ്വന്ത് സിൻഹയ്ക്കാണ് വോട്ട് ചെയ്യുക.

അതേസമയം, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും ഇന്ന് തുടക്കമാകും. 17–ാം സഭയുടെ ഒമ്പതാം സമ്മേളനമാണിത്. ആഗസ്റ്റ് 12 വരെ നടക്കുന്ന സമ്മേളനത്തിൽ വന നിയമം, കന്റോൺമെന്റ് നിയമം തുടങ്ങി പുതിയ 24 ബില്ലുകളാണ് ഭരണപക്ഷം അവതരിപ്പിക്കുക. അതേസമയം, അഗ്നിപഥ് പദ്ധതി, സഭയിലെ പദവിലക്ക്, വിലക്കയറ്റം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഭരണപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം. അഗ്നിപഥ് വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇന്നലെ ചേർന്ന സംയുക്ത പ്രതിപക്ഷയോഗം തീരുമാനിച്ചിട്ടുണ്ട്.

വിലക്കയറ്റം ഉൾപ്പടെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച പ്രതിസന്ധികൾ ഉന്നയിക്കാനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലും ഈ കാര്യങ്ങൾ ചർച്ചയായിരുന്നു. സഭയുടെ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും കീഴിൽ “ഏത് വിഷയവും ചർച്ച ചെയ്യാൻ” സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം, സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശമുന്നയിച്ചപ്പോൾ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Presidential election today draupadi murmu yashwant sinha

Best of Express