ന്യൂഡൽഹി: ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ ഇത് സംബന്ധിച്ച വിവാദങ്ങൾക്കും രാജ്യത്ത് തുടക്കം കുറിച്ചു. ജനതാദൾ യുണൈറ്റഡിന്റെ പിന്തുണയെ മുൻനിർത്തി ദളിത് സ്ഥാനാർത്ഥിയെ മുന്നോട്ട് വച്ച ബിജെപി നടപടിയെ നിതീഷ് കുമാർ പരോക്ഷമായി സ്വാഗതം ചെയ്തു. എന്നാൽ രാജ്യത്ത് ദളിതരായ ആളുകൾ വേറെയും ഉണ്ടെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി നിലപാടെടുത്തു.

ബിജെപി പാർലമെന്ററി പാർട്ടി യോഗം ഐകകണ്ഠേനയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. തങ്ങളോട് കൂടിയാലോചിക്കാതിരുന്നതിൽ ശിവസേന എതിൽപ്പ് ഉയർത്തിയിരുന്നു. ഇതോടെ സമവായ സാധ്യത ഇല്ലാതായെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പിന്നാലെയാണ് സ്ഥാനാർത്ഥി കാര്യത്തിൽ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ അഭിപ്രായപ്പെട്ടത്.

ബീഹാറിലെ ജനപ്രതിനിധികളെ ഉന്നമിട്ടാണ് ബിജെപി അവിടുത്തെ ഗവർണറെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ബിജെപിയുടെ ദളിത് മോർച്ച മുൻ ദേശീയ അദ്ധ്യക്ഷനും ബിജെപി ദേശീയ വക്താവും മുൻ സുപ്രീം കോടതി അഭിഭാഷകനും എല്ലാമാണ് രാം നാഥ് കോവിന്ദ്. ഇദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടിയതോടെ പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കാനുള്ള ഭരണപക്ഷത്തിന്റെ ശ്രമം ഭാഗികമായി വിജയിച്ചു.

ഇതോടെയാണ് പ്രതിപക്ഷത്ത് കൂടുതൽ ശക്തയായ മറ്റൊരു നേതാവ് മമത ബാനർജി വിഷയത്തിൽ കടുത്ത നിലപാട് എടുത്തത്. “വ്യക്തിപരമായി തീരുമാനത്തിൽ സന്തോഷമുണ്ടെന്നാ”ണ് നിതീഷ് കുമാർ പറഞ്ഞത്.

“ഇന്ത്യയില്‍ നിരവധി ദളിത് നേതാക്കള്‍ വേറെയുണ്ട്. രാംനാഥ് കോവിന്ദ് ദളിത് മോര്‍ച്ചയുടെ മുൻ അദ്ധ്യക്ഷനായത് കൊണ്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയത്” എന്നാണ് മമത പ്രതികരിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ജനപ്രിയനായ ഒരു ദളിത് വിഭാഗക്കാരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി അറിയിച്ചു

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദിനെ തങ്ങള്‍ പിന്തുണക്കുന്നുവെന്ന് തെലുങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു അറിയിച്ചു.

രാം നാഥ് കോവിന്ദ് ആർഎസ്എസ് പ്രചാരകൻ മാത്രമാണെന്ന് സിപിഐ നേതാവ് സുധാകർ റെഡ്ഡി പ്രതികരിച്ചപ്പോൾ, 22 ന് നടക്കുന്ന പ്രതിപക്ഷ കക്ഷി യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ