ന്യൂഡൽഹി: രാജ്യത്ത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലെത്താൻ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ കോൺഗ്രസുമായും സിപിഎമ്മുമായും ചർച്ചയ്ക്ക്. ജൂൺ 16 ന് ബിജെപിയുടെ ഉന്നത നേതാക്കൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയയെയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും കാണുമെന്നാണ് വാർത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.

അടുത്ത രാഷ്ട്രപതി ആരാകണമെന്ന കാര്യത്തിൽ ഇരുവരുടെയും രാഷ്ട്രീയ നിലപാട് അറിയുകയാണ് ലക്ഷ്യം. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് ബിജെപി ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. കമ്മിറ്റിയിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രിമാർ രാജ്നാഥ് സിംഗും വെങ്കയ്യ നായിഡുവും സോണിയയുമായും സീതാറാം യെച്ചൂരിയുമായും ചർച്ച നടത്തും.

പ്രതിപക്ഷത്തെ രണ്ട് ശക്തരായ നേതാക്കളോടും സംസാരിച്ച ശേഷം സമവായത്തിലെത്താനാണ് ശ്രമം. ഇത് സംബന്ധിച്ച കാര്യങ്ങൾ ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.ജൂൺ 23 ന് എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി നാമനിർദ്ദേശം സമർപ്പിക്കുമെന്നാണ് വിവരം.

ജൂൺ 28 വരെയാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സമയം. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ജൂലൈ 17 ന് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. ജൂലൈ 20 നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി ജൂലായ് 24 ന് അവസാനിക്കും.

പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതയായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നോക്കിക്കാണുന്നുണ്ട്. ഇതിന്റെ പരീക്ഷണമായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കാണുന്നത്.

ഐക്യസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാൽ ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളുടെയും, പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും സഹായത്തോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

മഹാത്മാ ഗാന്ധിയുടെ ചെറുമകനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധി, ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരാണ് പ്രതിപക്ഷത്തിന്‍റെ പരിഗണനയിലുള്ളത്. പ്രണബ് കുമാർ മുഖർജിയെ ഒരിക്കൽകൂടി പരിഗണിക്കണം എന്ന അഭിപ്രായവും ചില പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിൽ സോണിയ ഗാന്ധിയും സീതാറാം യെച്ചൂരിയും നേരത്തേ ചർച്ച നടത്തിയിരുന്നു.

ജെഡിയു നേതാവ് ശരദ് യാദവ്, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ എന്നിവരും കോൺഗ്രസുമായി ചർച്ച നടത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ