ചെന്നൈ: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ എഐഎഡിഎംകെയുടെ ഭിന്ന വിഭാഗങ്ങൾ തീരുമാനിച്ചതായി എൻഡിടിവി റിപ്പോർട്ട്. രാംനാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കുമെന്നാണ് വിവരം.

ഇന്നലെ തന്നെ രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് എഐഎഡിഎംകെ (അമ്മ) വിഭാഗം നേതാവ് ഒ.പനീർശെൽവം വ്യക്തമാക്കിയിരുന്നു. പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ്ദേഹത്തിനെ ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് പളനിസ്വാമി പിന്തുണ നിലപാട് വ്യക്തമാക്കിയത്.

അതേസമയം ടിടിവി ദിനകരൻ, ബെംഗലൂരു ജയിലിൽ വി.കെ.ശശികലയെ സന്ദർശിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കണമെന്ന കാര്യം വി.കെ.ശശികല തീരുമാനിക്കുമെന്ന് ഇദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.

അതേസമയം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന കാര്യം തീരുമാനിക്കാൻ പ്രതിപക്ഷ കക്ഷികൾ ഇന്ന് യോഗം ചേരാനിരിക്കുകയാണ്. കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെഡിയു യോഗത്തില്‍ പങ്കെടുക്കില്ല. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

ഡിഎംകെ, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ കൂടി പിന്തുണ ഉറപ്പായ സാഹചര്യത്തില്‍ എസ്പിയുടെയും, ബിഎസ്പിയുടെയും പിന്തുണ കൂടി ഉറപ്പിച്ച് പ്രതിപക്ഷം രാഷ്രീയമായി ശക്തി പ്രകടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രകാശ് അംബേദ്കര്‍, മീരാ കുമാര്‍ തുടങ്ങിയ പേരുകളാണ് പരിഗണനയില്‍.

എന്നാൽ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടി നൽകികൊണ്ട് എന്‍സിപി രാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. മറ്റൊരു പ്രമുഖ കക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവിനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇന്നത്തെ യോഗത്തില്‍ എടുക്കുന്ന തീരുമാനപ്രകാരം പ്രവര്‍ത്തിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നയം വ്യക്തമാക്കി.

എന്നാൽ കോവിന്ദിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ പളനിസ്വാമി വിഭാഗത്തിൽ ഭിന്നതയുണ്ടെന്നാണ് സൂചന. ദിനകരൻ പക്ഷത്തെ 34 എംഎൽഎമാർ പരിപാടിയിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook